
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ക്ക് ബുധനാഴ്ച തറക്കല്ലിടും. ഉച്ചയ്ക്ക് രണ്ടിന് മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ ശിലാസ്ഥാപനച്ചടങ്ങുകള്‍ നടക്കുമെന്ന് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് നടക്കുന്ന സംസ്‌കാരിക പൊതുസമ്മേളനത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എംഎല്‍എ, പി.എം.എ. സലാം, കെ.എം. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. ദുരിതബാധിതരോടൊപ്പമുള്ള മുസ്ലിംലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട പുനരധിവാസദൗത്യമാണ് നിറവേറുന്നതെന്നും 105 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവനപദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വിലയ്‌ക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 1000 ചതുരശ്രയടി വീടുകളാണ് നിര്‍മിക്കുക. 2000 ചതുരശ്രയടി വീട് നിര്‍മിക്കാനാവുംവിധം ബലത്തിലായിരിക്കും അടിത്തറയൊരുക്കുക.
മൂന്ന് മുറികളും അടുക്കളയും മറ്റു സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിന്റെ ഘടന. വൈദ്യുതിയും വെള്ളവും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതിപ്രദേശത്തുനിന്ന് കല്പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെള്ളിത്തോട് ഉപസമിതിയുടെ ഓഫീസ് പ്രവര്‍ത്തനവും തുടങ്ങി.
പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ ഭാരവാഹികളായ എന്‍.കെ. റഷീദ്, റസാഖ് കല്പറ്റ, എന്‍. നിസാര്‍ അഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍, പി.പി. അയ്യൂബ്, കെ. ഹാരിസ്, സി. കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Muslim League to launch a housing project for 105 families affected by the landslide in Wayanad
Published: 08 Apr 2025, 07:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented