
തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ കേരളത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിൽ നിയമസഭയിൽ പ്രതിഷേധം. മരിച്ചവർക്ക് ചരമോപചാരം അർപ്പിച്ച വേളയിൽ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും കേന്ദ്രനിലപാടിനെതിരേ വിമർശനമുയർന്നു. എന്നാൽ, അനുശോചനസന്ദേശത്തിൽ കേന്ദ്രസഹായത്തിന്റെ കാര്യം മുഖ്യമന്ത്രി പരാമർശിച്ചില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ഇത് ചർച്ചയിലേക്ക് കൊണ്ടുവന്നത്. വിമർശനത്തിൽ പങ്കുചേരുന്നതായി മന്ത്രി കെ. രാജൻ പറഞ്ഞു.
ഇനിയും കേരളത്തിന് താത്കാലിക ആശ്വാസംപോലും ലഭ്യമാക്കാത്ത കേന്ദ്രനിലപാട് ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഉരുൾപൊട്ടലിൽ വയനാട്ടിലെ മേപ്പാടിയിൽ 1200 കോടിയുടെയും കോഴിക്കോട്ടെ വിലങ്ങാട്ട് 217 കോടിയുടെയും നാശനഷ്ടങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രിയറിയിച്ചു.
ഫണ്ട് എപ്പോള്‍ നല്‍കും; കേന്ദ്രം പറയണം
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഫണ്ട് എപ്പോൾ നൽകാനാകുമെന്നതുൾപ്പെടെ അറിയിക്കാനാണ് കോടതി നിർദേശിച്ചത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഈ മാസം 18-നകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് അഡീ. സോളിസിറ്റർ ജനറലിന് നിർദേശം നൽകി. ദുരന്തത്തിന്റെ തുടർനടപടികൾ മറ്റൊരു ദുരന്തമാവുകയാണെന്നും കോടതി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും പൊതുതാത്‌പര്യഹർജികളുമാണ് ഡിവിഷൻ ബെഞ്ചിൻറെ പരിഗണനയിലുള്ളത്.
എസ്റ്റിമേറ്റ്തുക വിശദീകരിക്കണം
വയനാടിന് കേന്ദ്രസഹായംതേടി സമർപ്പിച്ച നിവേദനത്തിലെ തുക എങ്ങനെ കണക്കാക്കിയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. കേന്ദ്രസർക്കാരിന് സമർപ്പിച്ചത് ചെലവായ തുകയുടെ കണക്കല്ലെന്നും എസ്റ്റിമേറ്റ് തുകയാണെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന വിമർശനം അമിക്കസ്‍ക്യൂറി കോടതിയിൽ ഉന്നയിച്ചിരുന്നു.
അടിയന്തരസഹായങ്ങൾ വൈകുന്നതിലും തുടർനടപടികളുടെ ഏകോപനത്തിലെ വീഴ്ചകളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ദുരിതബാധിതർക്ക് നിയമസഹായം നൽകാൻ കെൽസയെ (കേരള ലീഗൽ സർവീസസ് അതോറിറ്റി) ചുമതലപ്പെടുത്തിയിരുന്നു.
സർക്കാർ പ്രഖ്യാപിച്ച അടിയന്തരസഹായം, ഉപജീവനസഹായം, വീട്ടുവാടക എന്നിവ ലഭിക്കാത്ത അർഹരായ ദുരിതബാധിതരുണ്ടെന്ന് കെൽസ അറിയിച്ചിരുന്നു. ഇത് വയനാട് ജില്ലാഭരണകൂടത്തെ അറിയിച്ചിട്ടും മറുപടി കിട്ടിയില്ലെന്നും വ്യക്തമാക്കി. നടപടികളുടെ പുരോഗതി നിരീക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി.
ക്വാറികളും നിർമാണങ്ങളും നിയന്ത്രിക്കണം
സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളിൽ ക്വാറികളും നിർമാണങ്ങളും നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. ഇവിടെയുള്ള ജനവാസകേന്ദ്രങ്ങളിൽ വലിയതോതിൽ ഇളവുകൾ അനവദിക്കരുത്.
വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ, കോട്ടപ്പടി വില്ലേജുകളിലായി സർക്കാർ 87 ഹെക്ടർഭൂമി കണ്ടെത്തിയതായും ടൗൺഷിപ്പ് നിർമാണത്തിന് മന്ത്രിസഭ അനുമതി നൽകിയെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. 1110 കുടുംബങ്ങൾക്ക് 10 സെന്റ് വീതമാണ് നൽകുക.
Content Highlights: wayanad landslide-Where is the central fund
Published: 05 Oct 2024, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented