കല്പറ്റ: ചിരിതൂകിനിൽക്കുന്ന പിഞ്ചോമനകൾ, അരികിൽ മുത്തച്ഛനും മുത്തശ്ശിയും. ചുമരിലെ ചിത്രങ്ങൾ അനീഷിന്റെയും സയനയുടെയും ജീവിതമാണ്. ഉരുളിൽ മറഞ്ഞുപോയെങ്കിലും ടൗൺഷിപ്പിലെ പുതിയവീടിന് ജീവൻനൽകുന്നതും ആ ചിത്രങ്ങളാണ്. വീട്ടിലേക്കുകയറുമ്പോൾ കുഞ്ഞുങ്ങളുടെ ഹൃദയംതൊടുന്ന ചിരികൾ നമ്മെ വരവേൽക്കും. വീടിനകത്തെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും ഉള്ളുലയ്ക്കുന്ന ഓർമ്മകളിലേക്കും.

To advertise here,

‘ചെറിയൊരു വാർപ്പിന്റെ വീട്. അതിൽ കളിപ്പാട്ടങ്ങൾ വെക്കാനൊരിടം മക്കളുടെ ആഗ്രഹമായിരുന്നു. അത് സാധിച്ചു, അവരൊപ്പമില്ലെന്നേയുള്ളൂ’ -അനീഷിനും സയനയ്ക്കും വാക്കുകൾ മുറിഞ്ഞുപോയി. വീട്ടിലെ സ്വീകരണമുറിയിലെ ചുമരിലാണ് വലിയചിത്രമുള്ളത്. നിവേദും ധ്യാനും ഇഷാനും ചിരിച്ചുനിൽക്കുന്ന ചിത്രം. ഇരുവശങ്ങളിലായി അനീഷിന്റെ അച്ഛൻ കൃഷ്ണൻകുട്ടിയും അമ്മ രാജമ്മയുമുണ്ട്. ‘ആരും ഞങ്ങളെ വിട്ടുപോയിട്ടില്ല, എല്ലാവരും കൂടെയുണ്ട്’ -ചുമരിലെ ചിത്രത്തിൽ ഇഷാന്റെ മുഖത്ത് തലോടിക്കൊണ്ട് സയന പറഞ്ഞു.

സ്വീകരണമുറിയുടെ ഒരറ്റത്ത് മക്കൾക്കായൊരുക്കിയ ഇടമാണ്. അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളാണ് അവിടം നിറയെ. മൂന്നുമക്കളും രാജമ്മയും ഉരുൾപൊട്ടലിലാണ് വിടപറഞ്ഞത്. അച്ഛൻ കൃഷ്ണൻകുട്ടി നേരത്തേ മരിച്ചതാണ്. പുതിയവീട്ടിൽ ചിത്രമൊരുക്കിയപ്പോൾ എല്ലാവരെയും ഒരുമിച്ച് വരയ്ക്കുകയായിരുന്നു.

പുത്തുമലയിലെ ഹൃദയഭൂമിയിലാണ് പിഞ്ചോമനകളുറങ്ങുന്നത്. മക്കളും മുത്തശ്ശിയും അന്ത്യവിശ്രമം കൊള്ളുന്നിടത്ത് കല്ലറ പണിതശേഷമാണ് അനീഷും സയനയും ടൗൺഷിപ്പിലെ പുതിയവീട്ടിലേക്ക് താമസംമാറിയത്. ‘നമ്മൾ പുതിയവീട്ടിലേക്ക് മാറുമ്പോൾ മക്കളും മുത്തശ്ശിയും മണ്ണിലുറങ്ങരുതല്ലോ. അതുകൊണ്ട് ഗ്രാനൈറ്റുകൊണ്ടു കല്ലറപണിതു’ -സയന പറഞ്ഞു.

ഹൃദയഭൂമിയിലെത്തി മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനമായി നൽകി കുഞ്ഞുങ്ങളോട് മിണ്ടിപ്പറഞ്ഞും കൊഞ്ചിച്ചുമൊക്കെയാണ് അനീഷും സയനയും ഓരോ തവണയും മടങ്ങുന്നത്. കാലംമായ്ക്കാത്ത വേദനകൾക്കിടയിലും ഓമനകളുടെ ഓർമ്മകൾ കരുത്താക്കി മുന്നോട്ടുപോവുകയാണ് ഈ ദമ്പതിമാർ.