ചാലിയാര്‍ ഇന്ന് എത്രശാന്തമായാണ് ഒഴുകുന്നത്. രണ്ടുദിവസമായി കാര്യമായ മഴയൊന്നുമില്ല. എന്നാലും മനസ്സിനൊരു സുഖവുമില്ല. ഓര്‍മ്മകള്‍ ഓളംതല്ലിവരുമ്പോള്‍ പുഴയുടെ ഉള്ളൊന്നുപിടയും. എങ്ങനെ മറക്കാനാണ്, സ്വന്തം മാറില്‍നിന്ന് പെറുക്കിയെടുത്ത ജീവനറ്റ ദേഹങ്ങളെ, അല്ല, ദേഹാവശിഷ്ടങ്ങളെ...

To advertise here,

എത്ര കരകവിഞ്ഞിട്ടും ഉരുള്‍ പൊട്ടി മലവെള്ളം നിറഞ്ഞ് നിലവിട്ടൊഴുകിയിട്ടും തന്റെ തീരത്തുള്ളവരെ പരമാവധി കാത്തതാണീപുഴ. തീരം രണ്ടായി പകുത്തൊഴുകേണ്ടിവന്നപ്പോഴും ജീവഹാനിയുണ്ടാകാതിരിക്കാന്‍ ഏറെ പണിപ്പെട്ടു. ആ പുഴയിലേക്കാണ് നൂറുകണക്കിന് മാംസക്കഷണങ്ങളായി പാവം മനുഷ്യര്‍ വന്നടിഞ്ഞത്. വയനാട്ടില്‍ 2024 ജൂലായ് 30-ന് പുലര്‍ച്ചെ 12.30-നും 3.30-നും ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലിലാണ് മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ ഒന്നാകെ ഒലിച്ചുപോയത്. ആദ്യദിവസംതന്നെ മരണം 135 കടന്നു. പിന്നീടത് 225 ലേറെയായി. ഒട്ടേറേപ്പേരെ കാണാതായി. നൂറ്റമ്പതോളം വീടുകള്‍ ഒഴുകിപ്പോയി. നാലുകിലോമീറ്ററോളം സ്ഥലം ചെളിക്കടിയിലായി. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് ഇങ്ങകലെ നിലമ്പൂരില്‍ ആ ദുരന്തത്തിന്റെ മാറ്റൊലിയുയരുന്നത്. ചാലിയാറിനപ്പുറം താമസിക്കുന്ന ആദിവാസികള്‍ പുഴക്കരയില്‍ നിന്ന് ഒരു കൈയുടെ ഭാഗം കണ്ടെത്തുകയായിരുന്നു. കുറച്ചപ്പുറത്തായി വീണ്ടും ശരീരാവശിഷ്ടങ്ങള്‍ കണ്ടതോടെ അവര്‍ നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും തിരച്ചില്‍ തുടങ്ങിയതോടെയാണ് നെഞ്ചുപൊട്ടുന്ന കാഴ്ചകള്‍ വരുന്നത്.

പുഴയുടെ പലഭാഗങ്ങളിലായി ശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. കുറേയെണ്ണം പുഴയിലൂടെ ഒഴുകുന്നു. പലരുടെയും അച്ഛനും അമ്മയും മകനും മകളും ഭാര്യയുമായിരുന്നവര്‍. ഒറ്റദിവസം കൊണ്ട് തിരിച്ചറിയപ്പെടാത്ത അവശിഷ്ടങ്ങളായി പുഴയിലൂടെ ഒഴുകി. പിന്നീടങ്ങോട്ട് നിലമ്പൂരുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു.

കൈമെയ് മറന്ന്, എല്ലാത്തരം അതിരുകളേയും കടന്ന് അവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. നൂറുകണക്കിന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി സമയാസമയം വയനാട്ടിലേക്കയച്ചു. പോത്തുകല്ല്, ഭൂദാനം, ഇരുട്ടുകുത്തിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുമാസത്തിലേറെക്കാലമാണ് ഈ പ്രവൃത്തി തുടര്‍ന്നത്. കോഴിക്കോട് അതിര്‍ത്തിയായ വാഴക്കാട്ടുനിന്നുവരെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പല ദേഹാവശിഷ്ടങ്ങളും ഒരുമിച്ച് സംസ്‌കരിക്കുകയായിരുന്നു പിന്നീട്.

പുലര്‍ച്ചെ മീന്‍ തേടിപ്പോയപ്പോള്‍ പുഴയില്‍ കണ്ടത് മനുഷ്യശരീരങ്ങള്‍
പോത്തുകല്ല്: രാവിലെ വെളിച്ചം വീണപ്പോള്‍ത്തന്നെ ഊരിലുള്ളവര്‍ പതിവുപോലെ പുഴയോരത്തേക്കു പോയി. പുഴയില്‍ നല്ലതുപോലെ വെള്ളമുണ്ടായിരുന്നു. കരയിലേക്കുകയറി ഓളംവെട്ടുന്ന പുഴവെള്ളത്തില്‍നിന്ന് മീനുകളെ പെറുക്കി മുന്നേറുമ്പോഴാണ് കൂട്ടത്തില്‍ ചില മനുഷ്യശരീരാവശിഷ്ടങ്ങളും കണ്ടത്. ഒരു ദുസ്വപ്നമാണോയെന്നവര്‍ ഭയന്നു. പക്ഷേ, മൃതശരീരങ്ങള്‍ ഒഴുകിപ്പോകാന്‍ അവരനുവദിച്ചില്ല. അവയും പുഴയരികിലേക്ക് അടുപ്പിച്ച് ഒഴുകിപ്പോകാതെ ഒതുക്കിവെച്ചു.

പുഴയിലൂടെ മുകളിലേക്കു നടക്കുമ്പോള്‍ പിന്നെയും ശരീരഭാഗങ്ങള്‍ ഒഴുകിവരുന്നതുകണ്ടു. അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്നവര്‍ പേടിച്ചു. എന്തോ ദുരന്തം സംഭവിച്ചിരിക്കുന്നുവെന്ന ആശങ്ക അവരെ തളര്‍ത്തി.

കൈയില്‍ ഫോണുള്ളവര്‍ ഉടന്‍തന്നെ എല്ലാവരെയും വിളിച്ച് വിവരമറിയിച്ചു. ഒഴുകിയെത്തിയത് മിക്കതും ശരീരഭാഗങ്ങളായിരുന്നു. മുഴുവന്‍ ശരീരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം വിവരം വിളിച്ചറിയിച്ചത്. ആറുമണിമുതല്‍ കൂടുതല്‍ ആളുകള്‍ തിരച്ചിലിനെത്തി. വാണിയമ്പുഴ, തരിപ്പപ്പൊട്ടി കോളനികളിലെ കുട്ടന്‍, ശശി, ഷിജു, വെള്ളന്‍ മധു, ഗിരീഷ്, സുനില്‍, കുമാരന്‍ രാകേഷ്, തുടങ്ങിയവരൊക്കെയാണ് ആദ്യം മൃതശരീരങ്ങള്‍ കണ്ട് തിരച്ചില്‍ തുടങ്ങിയത്.

എട്ടുമണിയായപ്പോഴേക്കും എട്ടോ ഒന്‍പതോ മൃതശരീരങ്ങള്‍ കോളനിവാസികള്‍ കണ്ടെടുത്തിരുന്നു.

എട്ടുമണിയോടെ മിറാക്കിള്‍ ഇരുട്ടുകുത്തി, യുവവാണി വാണിയമ്പുഴ എന്നീ ക്ലബ്ബുകളിലെ ഭാരവാഹികളും ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍മാരും തമ്പുരാട്ടിക്കല്ലിലെ നാട്ടുകാരും എല്ലാംചേര്‍ന്ന് വലിയ സംഘങ്ങളായി പുഴയില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു.

അപ്പോഴേക്കും പുഴയുടെ അക്കരെ ഫയര്‍ഫോഴ്സുകാരും റെസ്‌ക്യൂ ടീമുമൊക്കെ സജീവമായി. റെസ്‌ക്യൂ ടീമിലെയും ഫയര്‍ ഫോഴ്സിലെയും മറ്റും ഉദ്യോഗസ്ഥര്‍ അവരുടെ രക്ഷാബോട്ടുകളുമായി പുഴകടന്നെത്തി.

ഇരുട്ടുകുത്തിക്കടവില്‍ വനത്തോടുചേര്‍ന്ന ഭാഗത്ത് പലയിടത്തായി എടുത്തുവെച്ചിരുന്ന മൃതശരീര ഭാഗങ്ങള്‍ അക്കരെയ്ക്കു കൊണ്ടുപോയി.

ചാലിയാര്‍ പുഴയോരത്ത് ഇരുട്ടുകുത്തി കടവിനപ്പുറം വനത്തിലെ ആദിവാസിക്കുടിലുകളില്‍ കഴിയുന്നവര്‍ രാവിലെ മീന്‍തേടി പോയപ്പോള്‍ കണ്ടത് ഒഴുകിയെത്തുന്ന മനുഷ്യശരീരഭാഗങ്ങള്‍. ആ കാഴ്ചയുടെ അനുഭവങ്ങള്‍ വിവരിക്കുകയാണ് വാണിയമ്പുഴയിലെ എസ്ടി പ്രമോട്ടര്‍കൂടിയായ നിഖില്‍