കല്പറ്റ: മേപ്പാടി-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ ഹാരിസൺ മലയാളം അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലും കല്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും എൽസ്റ്റൺ എസ്റ്റേറ്റിലെ കല്പറ്റ ബൈപ്പാസിനോടുചേർന്ന 78.73 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. ഇരു എസ്റ്റേറ്റുകളിലെയും ജനവാസമേഖലകൾ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ 10.4 ഹെക്ടർ ഭൂമിയും നെടുമ്പാലയിലെ 6.61 ഹെക്ടർ ഭൂമിയും ഒഴിവാക്കും.

To advertise here,

ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെയടക്കം വിദഗ്‌ധോപദേശം തേടിയിരുന്നു. വേഗംതന്നെ സ്ഥലംകിട്ടുക എന്നതിനൊപ്പം ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളുമുള്ളതിനാൽ ദുരന്തനിവാരണനിയമം 2005 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അനുമതിനൽകി. സ്ഥലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണിത്.

ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായിത്തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റുകുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കും.

ആദ്യഘട്ടത്തിൽ എഴുന്നൂറോളം കുടുംബങ്ങൾ

പുനരധിവാസപദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 700-ഓളം കുടുംബങ്ങളായിരിക്കും ഉൾപ്പെടുക. വീട് പൂർണമായി തകർന്നതും താമസയോഗ്യമല്ലാത്തരീതിയിൽ ഭാഗികമായി തകർന്നതുമായ കുടുംബങ്ങൾ ഇതിൽ ഉൾപ്പെടും. വിദഗ്ധസമിതിയുടെ റിപ്പോർട്ടുംകൂടി പരിഗണിച്ചാണ് ഈ തീരുമാനമെടുക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക കളക്ടർ ഉടനെ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ആക്ഷേപങ്ങൾകൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക തയ്യാറാക്കുക. നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.

പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പ് ഏതെന്നത് ദുരന്തബാധിതർക്ക് തിരഞ്ഞെടുക്കാം. മുൻപുനടന്ന യോഗങ്ങളിൽ മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽത്തന്നെ വേണമെന്ന് താത്പര്യമറിയിച്ച കുടുംബങ്ങളെ അവിടെയും മറ്റിടങ്ങളുമാവാമെന്ന് താത്പര്യമറിയിച്ചവരെ കല്പറ്റയിലും പുനരധിവസിപ്പിക്കും. റോ‍ഡ്, കുടിവെള്ളം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുള്ള സ്ഥലങ്ങളാണ് രണ്ടും. ഈ പ്രദേശങ്ങളുടെ സവിശേഷസാഹചര്യങ്ങൾ പരിഗണിച്ച് മാസ്റ്റർപ്ലാനും തയ്യാറാക്കുന്നുണ്ട്. ഏതൊക്കെ സ്ഥലത്ത് വീടുകൾ നിർമിക്കണം, കളിസ്ഥലം, സ്കൂൾ, അങ്കണവാടി തുടങ്ങിയ പൊതുകെട്ടിടങ്ങൾ എവിടെ നിർമിക്കണമെന്നതും മാസ്റ്റർപ്ലാനിലുണ്ടാകും. ഇതെല്ലാംസംബന്ധിച്ച പ്രാഥമിക പരിശോധനകളും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.

എൽസ്റ്റൺ തൊഴിലാളികളുടെ തൊഴിൽപ്രശ്നവും പരിഹരിക്കുമോ?

ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ അവിടെ കാലങ്ങളായി ജോലിചെയ്തിരുന്ന തൊഴിലാളികളുടെ തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരമാവുമോയെന്ന ചോദ്യംകൂടിയാണ് ഉയരുന്നത്. മാനേജ്മെന്റ് കൃത്യമായി വേതനവും മറ്റ്‌ ആനുകൂല്യങ്ങളും നൽകാത്തതിനാൽ വർഷങ്ങളായി തൊഴിൽസമരം നടക്കുന്ന എസ്റ്റേറ്റാണിത്. എസ്റ്റേറ്റ്‌ പാടികളടക്കം തകർച്ചയിലാണ്. കഴിഞ്ഞ എട്ടുമാസമായി എസ്റ്റേറ്റിൽ തൊഴിലാളികൾ തേയില നുള്ളുന്നില്ല. തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ പറിച്ചുവിൽക്കുകയാണ്. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടില്ല. മാനേജ്‌മെന്റുമായി തൊഴിലാളിസംഘടനാ പ്രതിനിധികളും തൊഴിൽവകുപ്പും ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമായില്ല. ഇവിടെ പുനരധിവാസപദ്ധതി നടപ്പാക്കുമ്പോൾ തൊഴിലാളിപ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുമെന്നും പരിഹരിക്കപ്പെടുമെന്നും വികസനം പാടികളിലേക്കുകൂടിയെത്തുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.