
കോഴിക്കോട്: അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.
നിലവില്‍ കപ്പലിന്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടര്‍ന്നിട്ടുണ്ട്. ഇപ്പോഴും കപ്പലില്‍നിന്ന് വന്‍തോതില്‍ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡ് തീവ്രശ്രമത്തിലാണ്. ഏകദേശം 650-കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.
അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നിലവില്‍ കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പല്‍ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുണ്ട്. മുകള്‍ഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കപ്പലില്‍ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്. ഈ ഭാഗത്തേക്ക് തീപടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്കൊപ്പം ഡോര്‍ണിയര്‍ വിമാനങ്ങളും അപകടമേഖലയില്‍ നിരീക്ഷണത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിനെ സഹായിക്കാനായി നാവികസേനയുടെ ഐഎന്‍എസ് സത്‌ലജും സ്ഥലത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ 'എംവി വാന്‍ ഹായ് 503' ഫീഡര്‍ കപ്പലിലാണ് കഴിഞ്ഞദിവസം തീപിടിച്ചത്. സിങ്കപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത തയ്‌വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റര്‍ (44 നോട്ടിക്കല്‍ മൈല്‍) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു. 12.40-ഓടെ വന്‍തോതില്‍ തീ പടര്‍ന്നു.

തീപടർന്നതോടെ തയ്‌വാൻ സ്വദേശിയായ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള 18 ജീവനക്കാര്‍ ലൈഫ് ബോട്ടില്‍ കയറി. ഇവരെ ഇന്ത്യന്‍ നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍, കപ്പലിലെ നാലുജീവനക്കാരെ കാണാതായിരുന്നു. അപകടത്തില്‍പ്പെട്ട 18 ജീവനക്കാരെ തിങ്കളാഴ്ച രാത്രി 11.30-ഓടെ മംഗളൂരു പുതുതുറമുഖത്ത് ഐഎന്‍എസ് സൂറത്തില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടകരമായ വസ്തുക്കള്‍
നാല് വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കള്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചതായി അഴീക്കല്‍ പോര്‍ട്ട് ഓഫീസറും കേരള മാരിടൈംബോര്‍ഡ് നോഡല്‍ ഓഫീസറുമായ ക്യാപ്റ്റന്‍ പി.കെ. അരുണ്‍കുമാര്‍ പറഞ്ഞു. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയേ തീപിടിക്കാന്‍ സാധ്യതയുള്ള ഖരപദാര്‍ഥങ്ങള്‍ (ക്ലാസ് 4.2), വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നിവയാണ് കണ്ടെയ്നറുകളിലുള്ളത്. വെടിമരുന്നിന്റെ പ്രധാന ഘടകമായ നൈട്രോ സെല്ലുലോസിന് പുറമേ, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം കാര്‍ബൈഡ്, എഥനോള്‍, തിന്നര്‍, പെയിന്റ് മിക്‌സിങ് സൊലൂഷന്‍, ലിഥിയം ബാറ്ററി എന്നിവയുടെ വലിയ ശേഖരമടങ്ങിയ കണ്ടെയ്‌നറുകളായിരുന്നു അധികവും. ഇവയിലേതോ ചൂടുകൊണ്ടോ മറ്റു സമ്മര്‍ദങ്ങള്‍കൊണ്ടോ പൊട്ടിത്തെറിച്ചതാവാമെന്നാണ് വിലയിരുത്തല്‍. അതില്‍നിന്ന് മറ്റുള്ളവയിലേക്കും തീപടര്‍ന്നു. ഇതോടെ കപ്പലിന്റെ നിയന്ത്രണം നഷ്ടമായി.
Content Highlights: A cargo ship is ablaze off Kozhikode. Coast Guard efforts to extinguish the fire continue
Published: 10 Jun 2025, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented