പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്ന അഞ്ചുപ്രതികളെ കാലാവധി അവസാനിച്ചതോടെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കിയയച്ചു.

To advertise here,

പാമ്പാംപള്ളം അട്ടപ്പള്ളം കല്ലങ്കാട് അനു (38), മഹാളികാട് പ്രസാദ് (34), മഹാളികാട് മുരളി (38), കിഴക്കേ അട്ടപ്പള്ളം അനന്തൻ (55), കിഴക്കേ അട്ടപ്പള്ളം വിനിതാ നിവാസിൽ വിപിൻ (30) എന്നിവരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി സംഘം പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി-ഒന്നിൽ ഹാജരാക്കിയത്.

കേസിൽ‌ ഇതുവരെ എട്ട് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാവും. ഇനി അറസ്റ്റുചെയ്യാനുള്ള ഏഴുപേരിൽ ചിലർ എസ്ഐടിയുടെ നിരീക്ഷണ വലയത്തിലുള്ളതായാണ് സൂചന.

വ്യക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചശേഷമേ ഇവരുടെ അറസ്റ്റുണ്ടാകൂ. തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയവരെ തിരിച്ചെത്തിച്ച് ക്രൈംബ്രാ‍ഞ്ച് സംഘത്തിനുമുൻപിൽ കീഴടങ്ങുന്നതിനുള്ള സമ്മർദം അന്വേഷണസംഘം ശക്തമാക്കിയിട്ടുണ്ട്.

വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടി പരിശോധിച്ചശേഷമാകും കൂടുതൽ അറസ്റ്റുകളുണ്ടാവുകയെന്നും സൂചനകളുണ്ട്. 17-ന് വൈകീട്ടാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ ഭാഗേൽ (31) മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.