തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ അനധികൃതസ്വത്ത് സമ്പാദിച്ചുവെന്നതിനു തെളിവില്ലെന്ന് വിജിലൻസ്. അതേസമയം, അദ്ദേഹത്തിന്റെ ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്തുക്കളായ എം. രാജേന്ദ്രൻ, എൻ.എസ്. ഹരികുമാർ എന്നിവർക്ക് വൻതോതിൽ സ്വത്ത് വർധിച്ചതായും വിജിലൻസ് കണ്ടെത്തി. സുഹൃത്തുക്കൾക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശുപാർശ ചെയ്തും ഡ്രൈവർക്കെതിരേ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ടും വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന വി.എസ്. ശിവകുമാർ അനധികൃതസ്വത്ത് സമ്പാദിച്ചുവെന്ന് 2018-ലാണ് വിജിലൻസിനു പരാതി ലഭിച്ചത്. ഇതിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് 2020-ൽ കേസ് രജിസ്റ്റർ ചെയ്തു. 2011 മുതൽ 2016 വരെയുള്ള കാലത്തെ സ്വത്തുവിവരങ്ങളാണ് വിജിലൻസ് പരിശോധിച്ചത്.
ബിനാമി ഇടപാടിലൂടെ സ്വത്തുസമ്പാദനം നടത്തിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. വിജിലൻസ് അന്വേഷണത്തിൽ ശിവകുമാർ ഒഴികെയുള്ളവരുടെ സ്വത്തിൽ വർധനയുണ്ടായതായി കണ്ടെത്തുകയായിരുന്നു. വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തിയത്. വിജിലൻസ് ശുപാർശയിൽ സർക്കാരാണ് തുടർതീരുമാനം കൈക്കൊള്ളേണ്ടത്.
ശിവകുമാർ അനധികൃതസ്വത്ത് സമ്പാദിച്ചതിനു തെളിവില്ലെന്ന് കണ്ടെത്തിയതോടെ ഏറെ നാളുകൾക്കുശേഷം അദ്ദേഹത്തിന് ആശ്വാസമാവുകയാണ്. ശിവകുമാറിനെതിരേ സാമൂഹിക മാധ്യമങ്ങൾ വഴി നടന്ന അധിക്ഷേപങ്ങൾക്കെതിരേ അദ്ദേഹം കേസ് കൊടുക്കുകയും ചെയ്തിരുന്നു. മന്ത്രി വീണാ ജോർജും നിയമസഭയിൽ ശിവകുമാറിനെതിരേ പരാമർശം നടത്തിയിരുന്നു.
അഴിമതിക്കാരനാക്കാൻ ഗൂഢശ്രമം നടന്നു -വി.എസ്. ശിവകുമാർ
തന്നെ അഴിമതിക്കാരനാക്കാൻ ഗൂഢശ്രമം നടന്നതായി വി.എസ്. ശിവകുമാർ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി വേദന അനുഭവിക്കുന്നു. പൊതുപ്രവർത്തനരംഗത്തുനിൽക്കുന്ന ആർക്കും ഇതുപോലൊരു അനുഭവമുണ്ടാകരുത്. എനിക്കെതിരായ ബിനാമി ആരോപണത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ആരോപണങ്ങൾക്കെതിരേ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് -വി.എസ്. ശിവകുമാർ പറഞ്ഞു.
Published: 11 Feb 2026, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented