താൻ ബിജെപിയിലേക്ക് പോവുമെന്ന് വ്യാപക പ്രചാരണം നടത്തിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ. കോൺഗ്രസ്-ബിജെപി ഡീൽ എന്ന് പ്രചരിപ്പിച്ച അരുവിക്കരയിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത് ബിജെപി-സിപിഎം ഡീലാണ്. ഇത്തവണ ബിജെപി വർധിപ്പിച്ച വോട്ട് വിഹിതം പരിശോധിച്ചാൽ അത് മനസ്സിലാവുമെന്നും ശിവകുമാർ, മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

To advertise here,

പാർട്ടിക്കുള്ളിലുള്ള ഒരു വ്യക്തിതന്നെ ഞാൻ ബിജെപിയിലേക്ക് പോവുമെന്ന് പ്രചരിപ്പിച്ചു. അയാൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോവും. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.

തിരുവനന്തപുരമായിരുന്നു താൻ ആഗ്രഹിച്ചത്. പക്ഷെ ആ സീറ്റ് ഘടകകക്ഷിക്ക് നൽകി. തിരുവനന്തപുരമായിരുന്നുവെങ്കിൽ താൻ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി.

അരുവിക്കരയിൽ ഒരടിസ്ഥാവുമില്ലാത്ത വ്യാപക വർഗീയ പ്രചാരണമാണ് സി.പി.എമ്മും ബിജെപിയും തനിക്കെതിരെ നടത്തിയത്. ശക്തനായ ഒരു സ്ഥാനാർഥിയെ പോലും ബിജെപി വെച്ചില്ല. അപ്പോൾ ഡീൽ ആരോപണം എങ്ങനെയാണ് നടന്നത് എന്നത് വ്യക്തമല്ലേയെന്നും ശിവകുമാർ ചോദിച്ചു.

വ്യാജ പ്രചാരണം നടത്തി തിരുവനന്തപുരത്തെ കോൺഗ്രസിന്റെ ഒരു മുഖമായിരുന്ന തന്നെ തകർക്കുകയായിരുന്നു ലക്ഷ്യം. പ്രചാരണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

ഫലം പുറത്തുവന്ന ശേഷം താൻ മുൻമന്ത്രിയെ തോൽപ്പിച്ചുവെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി വിവേക് ഗോപൻ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിൽനിന്ന് എന്നതാണ് മനസ്സിലാക്കേണ്ടതെന്നും ശിവകുമാർ ചോദിച്ചു.

ഒരു ട്രാപ്പായിരുന്നോ അരുവിക്കരയിലെ സ്ഥാനാർഥിത്വമെന്ന ചോദ്യത്തിന് അങ്ങനെ തോന്നുന്നില്ലെന്നും പക്ഷെ, ആഗ്രഹിച്ചത് തിരുവനന്തപുരമായിരുന്നുവെന്നും ശിവകുമാർ ആവർത്തിച്ചു.

തോറ്റ മറ്റുള്ളവർക്കൊക്കെ വീണ്ടും സീറ്റ് കൊടുത്തു. പക്ഷെ, തന്നോട് തിരുവനന്തപുരം മാറി അരുവിക്കര മത്സരിക്കാൻ പറഞ്ഞു. പാർട്ടി പറഞ്ഞപ്പോൾ അത് അനുസരിക്കുകയാണ് ചെയ്തതെന്നും അത് പക്ഷെ തിരിച്ചടിയായെന്നും ശിവകുമാർ വ്യക്തമാക്കി.