വർഗശത്രുക്കളെ ഉശിരോടെ നേരിട്ട വി.എസ്. അച്യുതാനന്ദൻ ധൈര്യത്തിന്റെയും സാഹസികതയുടെയും ലക്ഷ്യബോധത്തിന്റെയും മികച്ച ഉദാഹരണമാണ്. വി.എസ്. വിടപറഞ്ഞ് ഒരുവർഷം തികയുന്ന ഇന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയസഹചാരിയും ശിഷ്യനുമായിരുന്ന ജി. സുധാകരൻ അനുസ്മരിക്കുന്നു
ആയിരക്കണക്കിനു സമരപോരാളികളെ വാർത്തെടുത്ത രാഷ്ട്രീയ ഇച്ഛാശക്തിയുടെ പേരായിരുന്നു വി.എസ്. അച്യുതാനന്ദൻ. ഒപ്പം എത്രപേരുണ്ടെന്നതല്ല, കഴിവുള്ള, ധൈര്യമുള്ള, ആർജവമുള്ള നേതാവുണ്ടാവുകയെന്നതാണു പ്രധാനം. ഈ പറഞ്ഞ മൂല്യങ്ങളുടെയെല്ലാം ആൾരൂപമായിരുന്നു അദ്ദേഹം. അനീതിക്കെതിരായ പോരാട്ടത്തിൽ എന്നും സഖാവ് മുന്നിൽനിന്നു. വർഗശത്രുക്കളെ ഉശിരോടെ നേരിട്ട വി.എസ്., ധൈര്യത്തിന്റെയും സാഹസികതയുടെയും ലക്ഷ്യബോധത്തിന്റെയും മികച്ച ഉദാഹരണമാണ്. ജീവിതത്തിൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ തികഞ്ഞ ആത്മാർഥതയോടെയും സത്യസന്ധതയോടെയും പ്രവർത്തിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ, അവയെ കൂസാതെ ബുദ്ധിമുട്ടനുഭവിച്ചായിരുന്നു ആ യാത്ര. അപൂർവം നേതാക്കൾക്കുമാത്രം പറ്റുന്ന ഇത്തരം ആശയദാർഢ്യം അദ്ദേഹത്തിന് മുഴുവൻജനങ്ങളുടെയുമിടയിൽ സ്വീകാര്യതയുണ്ടാക്കി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ വി.എസ്. വലിയ പങ്കു വഹിച്ചു. കമ്യൂണിസ്റ്റ് മൂല്യം ജനമനസ്സിൽ ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ പാർട്ടി നടത്തിയത്. ഇതിൽ വി.എസിനെപ്പോലെയുള്ള നേതാക്കളുടെ സംഭാവന വളരെ വലുതാണ്. ജന്മിത്തം, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയ വിപത്തുകളെ എതിർക്കുന്നതിൽ ഇവർ ശ്രദ്ധിച്ചു. കുത്തകമുതലാളിത്തം അവസാനിപ്പിച്ച് ചൂഷണം ഇല്ലാതാക്കി അധ്വാനത്തിന്റെ മൂല്യം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങളായിരുന്നു അവ. പാർട്ടിക്കുപിന്നിൽ ജനങ്ങളെ അണിനിരത്താൻ തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നതിന്റെഭാഗമായി പാർട്ടി തിരഞ്ഞെടുപ്പുകളിൽ പങ്കാളികളായി. കേരളത്തിൽ പാർട്ടിയെ അധികാരത്തിലേക്കെത്തിച്ച കഠിനപ്രവർത്തനങ്ങളിൽ വി.എസിന്റെ നേതൃപരമായ പങ്ക് പ്രകടമാണ്. കേരളനിയമസഭയിലേക്കു നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു 1958-ൽ മൂന്നാറിലേത്. പാർട്ടിയെസംബന്ധിച്ച് ഏറെ നിർണായകമായ ഈ ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പുപ്രവർത്തനത്തിന്റെ ചുമതല വി.എസിനായിരുന്നെന്നത് അദ്ദേഹത്തിന്റെ നേതൃശേഷി വ്യക്തമാക്കുന്നു. പാർട്ടിസ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാൻ ചിട്ടയായ ആ പ്രവർത്തനത്തിനായി.
ആദ്യ കൂടിക്കാഴ്ച, എന്നും വാത്സല്യം
എന്നോട് എല്ലാക്കാലത്തും വലിയ വാത്സല്യമാണ് പുലർത്തിയിരുന്നത്. 1970 ഡിസംബർ 27-നാണ് വി.എസിനെ ആദ്യമായി കാണുന്നത്. വിദ്യാർഥിപ്രസ്ഥാനത്തിന്റെ സ്ഥാപനസമ്മേളനം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി എന്ന നിലയിൽ അതിൽ പങ്കെടുക്കാനെത്തിയ ഞാൻ സി.പി.സത്രത്തിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി എൻ. ശ്രീധരൻ എന്നെ പരിചയപ്പെടുത്തി. അറിയാമെന്നായിരുന്നു പ്രതികരണം. പിന്നീട് എല്ലായ്പ്പോഴും ചേർത്തുപിടിച്ചു. ആലപ്പുഴയിലെ വീട്ടിൽ ഒപ്പമിരുത്തി എത്രയോതവണ ഭക്ഷണം തന്നിട്ടുണ്ട്. സംഘടനാതലത്തിലും മറ്റും ഉത്തരവാദിത്വങ്ങൾ എന്നെ ഏൽപ്പിച്ചത് വി.എസിന്റെ തീരുമാനങ്ങളായിരുന്നു. ഇതിലേറ്റവും പ്രധാനം കേരളത്തിൽ ആദ്യമായി നിലവിൽവന്ന ജില്ലാ കൗൺസിലാണ്. ആലപ്പുഴയിൽ ഇതിന്റെ നേതൃസ്ഥാനം എന്നെ ഏൽപ്പിക്കുന്നത് അദ്ദേഹത്തിന്റെ നിർബന്ധംകൊണ്ടായിരുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ജില്ലാ കൗൺസിൽ സങ്കല്പം യാഥാർഥ്യമാകുന്നതിൽ വി.എസിന്റെ പങ്ക് വളരെ വലുതാണ്. ഏറെ വിപുലമായ അധികാരങ്ങൾ ഉണ്ടായിരുന്ന കൗൺസിൽ കേരളത്തിൽ വലിയ മാറ്റം വരുത്താൻ പര്യാപ്തമായിരുന്നു. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ താമസിയാതെ ഇത് പിരിച്ചുവിടപ്പെട്ടു.
അടുത്തും അകന്നും
ഉൾപ്പാർട്ടിസമരം നടക്കുന്ന കാലയളവിൽ വി. എസിനോടൊപ്പം നിലപാടുകൾ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. മാധ്യമങ്ങൾ പ്രചരിപ്പിച്ചതുപോലെ അതു കേവലം വ്യക്തികൾ തമ്മിലുള്ള വഴക്കായിരുന്നില്ല. നിലപാടുകൾ തമ്മിലുള്ള ആശയസംഘർഷമായിരുന്നു. പലപ്പോഴും ഒരേ മനസ്സോടെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. വി.എസിന്റെ വലിയ സവിശേഷത പ്രവർത്തനത്തിലെ കള്ളത്തരമില്ലായ്മയാണ്. ഉള്ളിലുള്ളതു മറച്ചുവെക്കാനാകില്ല. മനസ്സിൽ എന്താണെന്നതു മുഖത്തു കാണും. ഇതു പലരിലും കാണാത്ത സവിശേഷതയാണ്. അദ്ദേഹവുമായി വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. അതിന്റെ തുടക്കം ഒരു മന്ത്രിസഭായോഗത്തിൽനിന്നാണ്.
2006-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഞാനും അംഗമായിരുന്നു. ഒരു മന്ത്രിസഭായോഗത്തിൽ, മുഖ്യമന്ത്രിയായ വി.എസ്. ജുബ്ബയുടെ കീശയിൽനിന്ന് ഒരു കടലാസെടുത്തു വായിച്ചു: 'ലാവലിൻ കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് ഈ യോഗം തീരുമാനിക്കണം.' കേട്ടപാടെ ഞാൻ എതിർപ്പുമായി എഴുന്നേറ്റു. ഒരു കാരണവശാലും ശരിയാകില്ലെന്നും പാർട്ടിശത്രുക്കളുടെ ആവശ്യത്തോട് ചേർന്നുനിൽക്കാതെ പാർട്ടി സംസ്ഥാനസെക്രട്ടറിയെ സംരക്ഷിക്കുകയാണുവേണ്ടതെന്നും ഉറപ്പിച്ചുപറഞ്ഞു. എസ്. ശർമയും മേഴ്‌സിക്കുട്ടിയമ്മയും അടക്കം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും എന്നെ പിന്തുണച്ചു. അതോടെ വി.എസ്. അടങ്ങി. 'എങ്കിൽ ആവട്ടെ, ഇത് ഇവിടെ കിടക്കട്ടെ' എന്നുപറഞ്ഞ് അദ്ദേഹം കടലാസു മടക്കി സ്വതസ്സിദ്ധമായ രീതിയിൽ തിരികെ പോക്കറ്റിലിട്ടു.
മികച്ച ഭരണം കാഴ്ചവെച്ച ആ മന്ത്രിസഭയ്ക്ക് തുടർച്ചയുണ്ടാകുമെന്ന് എല്ലാവരും വിചാരിച്ചിരുന്നതാണ്. ചെറിയ വ്യത്യാസത്തിനാണ് ആ അവസരം വഴുതിപ്പോയത്. പിന്നീട് ഇടതുമുന്നണി അധികാരത്തിൽ വരുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയിരുന്നു.
ഉജ്ജ്വല സമരങ്ങൾ
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ സമരത്തിൽ സമാനതകളില്ലാത്ത പങ്കായിരുന്നു വി.എസിന്. ആദ്യകാലത്ത് കയർത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹത്തെ പി. കൃഷ്ണപിള്ളയാണ് കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായി കുട്ടനാട്ടിലേക്കയച്ചത്. കർഷകത്തൊഴിലാളിപ്രസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളിപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിസ്തുലമായ പ്രവർത്തനമായിരുന്നു വി. എസിന്റേത്.
ഭൂവിതരണം സംബന്ധിച്ച് നടത്തിയ സമരങ്ങളും ഇടപെടലുകളുമാണ് വി.എസിന്റെ മറ്റ് ഉജ്ജ്വലസംഭാവനകൾ. 1967-ലെ ഇ.എം.എസ്. സർക്കാർ കർഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ടവന്റെ സ്വന്തംഭൂമി ഉറപ്പാക്കാനായി ഭൂപരിഷ്‌കരണ നിയമനിർമാണം നടത്തി. രാഷ്ട്രപതിയുടെ അംഗീകാരം താമസിച്ചതോടെ ഭൂമി പിടിച്ചെടുക്കൽപ്രഖ്യാപനവുമായി 1969-ൽ നടന്ന അറവുകാട് സമ്മേളനത്തിന്റെ മുൻനിരയിലും വി.എസ്. ഉണ്ടായിരുന്നു. സമ്മേളനത്തിൽ മിച്ചഭൂമി പ്രഖ്യാപനപ്രമേയം വായിച്ചതും അദ്ദേഹമാണ്. തെങ്ങിൽക്കയറി പൊതിഞ്ഞുകെട്ടി തേങ്ങയിട്ട് അവകാശം സ്ഥാപിക്കുകയെന്നതായിരുന്നു സമരരീതി. വലിയൊരുവിഭാഗം ജനതയ്ക്ക് സ്വന്തമായി ഭൂമികിട്ടാൻ പാകത്തിലുണ്ടായ സാമൂഹികവിപ്ലവം രാജ്യത്ത് കേരളത്തിൽമാത്രം സംഭവിച്ചതാണ്.
ഭാവിയെ മുൻകൂട്ടി കാണാനുള്ള ക്രാന്തദർശിത്വം, അഗാധവും ഗഹനവുമായ വിപ്ലവബോധം തുടങ്ങിയവ വി. എസിന്റെ മുതൽക്കൂട്ടായിരുന്നു. കുട്ടനാട്ടിലെ കാർഷികഭൂമി തിരിച്ചുപിടിക്കാൻ വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം സമാനതകളില്ലാത്തതാണ്. 'വെട്ടിനിരത്തൽ' എന്നു ചില പത്രങ്ങൾ ആക്ഷേപിച്ച ആ സമരം നടന്നില്ലായിരുന്നെങ്കിൽ കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ എന്നേ ഇല്ലാതായേനെ. കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാട്ടിൽ നെൽക്കൃഷി നഷ്ടത്തിലാണെന്നുപറഞ്ഞ് പാടം നികത്തി മണ്ണ് കൂനകൂട്ടി തെങ്ങുവെക്കുന്നത് മിക്ക ജന്മിമാരുടെയും രീതിയായി. പാടങ്ങളിൽ കാൽഭാഗവും ഇത്തരത്തിൽ നികത്തിയതോടെയാണ് സമരം തുടങ്ങാൻ വി.എസ്. തീരുമാനിച്ചത്. ചമ്പക്കുളത്ത് സമരം ഉദ്ഘാടനംചെയ്തത് അദ്ദേഹംതന്നെ. പാരിസ്ഥിതികസന്തുലനം നിലനിർത്തുന്ന നെൽപ്പാടങ്ങൾ ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തെയാണ് അദ്ദേഹം ഇല്ലാതാക്കിയത്.
കാൾ മാർക്‌സ് ഇരുപതാംവയസ്സിലെഴുതിയ ഒരു കവിതയുടെ പരിഭാഷ ഇങ്ങനെയാണ്
'എനിക്കുവേണ്ടാ ശാന്തം സ്വച്ഛജീവിതം
ഭൂമികുലുക്കും കൊടുങ്കാറ്റിൻ കരുത്താണെന്നാത്മാവിൽ
എന്റെ ജീവിതം സംഘർഷങ്ങളാൽ നിറയട്ടെ
ഉന്നതമാകും മഹാലക്ഷ്യമൊന്നണഞ്ഞിടാൻ
ചോടുവെച്ചകത്തുനാം പോകുക വിദൂരത്തിൽ'
-ഇതുപോലെയായിരുന്നു വി.എസ്. അച്യുതാനന്ദൻ
Content Highlights: Commemoration of VS Achuthanandan's first death anniversary in 2026., G. Sudhakaran shares personal anecdotes and insights into VS's leadership style., Analysis of VS's role in the agrarian struggles of Kuttanad., Reflections on the ideological integrity and administrative legacy of the 2006 cabinet., Insight into the organizational brilliance that shaped Kerala's Communist movement.
Published: 21 Jul 2026, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented