
അമ്പലപ്പുഴ: നീറുന്ന മനസ്സുമായാണ് മകൻ അരുൺകുമാറിന്റെയും മരുമകൾ ഡോ. രജനിയുടെയും കൈപിടിച്ച് വസുമതി വേലിക്കകത്ത് വീടിന്റെ പടിയിറങ്ങിയത്. യാത്രയാക്കാൻ വന്നവരോടു കൈകൂപ്പി തിരുവനന്തപുരത്തേക്കു പോകാനായി അവർ കാറിൽക്കയറി. 58 വർഷം താങ്ങും തണലുമായിരുന്ന ജീവിതസഖാവ് ഒപ്പമില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ.
വി.എസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് പുറപ്പെട്ട ചൊവ്വാഴ്ച, രാത്രി 10 മണിയോടെയാണ് വസുമതിയും മകൾ ആശയും മരുമകൾ രജനിയും ചെറുമക്കളും വേലിക്കകത്ത് വീട്ടിലെത്തിയത്. അവർ തിരുവന്തപുരത്തേക്കു മടങ്ങുമെന്നറിഞ്ഞ് ഞായറാഴ്ച രാവിലെമുതൽ വീട്ടിലേക്ക് സന്ദർശകപ്രവാഹമായിരുന്നു. നേതാക്കളായ ജി. സുധാകരനും എച്ച്. സലാം എംഎൽഎ അടക്കമുള്ളവർ രാവിലെമുതലുണ്ടായിരുന്നു.
തോമസ് ഐസക്, മക്കൾക്കും മരുമക്കൾക്കുമൊപ്പമാണ് വന്നത്. വി.സി. കബീറും എത്തിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ വസുമതിയും മരുമകൾ രജനിയും പുറപ്പെട്ടു. അരുൺകുമാർ വൈകുന്നേരത്തോടെയും മടങ്ങി.
ഓണത്തിനും പുന്നപ്ര വയലാർ വാർഷികത്തിനും പതിവായെത്തിയിരുന്ന സഖാവ് ഇനിയില്ലെന്ന സങ്കടം ഉള്ളിലൊതുക്കിയാണ് പാർട്ടിപ്രവർത്തകരും നാട്ടുകാരും ഇവരെ യാത്രയാക്കിയത്. വി.എസിന്റെ അടുപ്പക്കാരായ കെ.പി. സത്യകീർത്തി, എസ്. മനോഹരൻ, ദീർഘകാലം പേഴ്‌സണൽ സ്റ്റാഫായിരുന്ന ഉദയകുമാർ, തമ്പി മേട്ടുതറ, ഗൺമാനായിരുന്ന ഷിജു, വി.എസ്. നാട്ടിലെത്തുമ്പോൾ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്ന ഡോ. രജിത്ത് തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
വി.എസിന്റെ വഴിയേ പോയാൽ പാർട്ടിക്കു തിരിച്ചുവരാം- ജി. സുധാകരൻ
പാർട്ടിക്കു മുന്നേറാനുള്ള വഴിയാണ് വി.എസ്. സ്വജീവിതത്തിലൂടെ കാട്ടിയതെന്ന് ജി. സുധാകരൻ പറഞ്ഞു. നേതാക്കളും പ്രവർത്തകരും ആ വഴി സ്വീകരിച്ചാൽ പാർട്ടിക്ക് രാജ്യത്തു തിരിച്ചുവരാനാകും. കേരളത്തിൽ മെച്ചപ്പെട്ടനിലയിൽ അധികാരത്തിൽ തുടരാനാകും. വി.എസിന്റെ ജീവിതം പുതുതലമുറ പാഠമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VS Achuthanandan`s wife Vasumathi and family departed from their Alappuzha home after his passing.
Published: 28 Jul 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented