
ആലപ്പുഴ: വി.എസിന്റെ മകൻ അരുൺകുമാറിന്റെയും മകൾ ആശയുടെയും ജന്മദിനം ഇന്നാണ്; ജൂലായ് 25. ഇത്തവണ അച്ഛൻ ഒപ്പമില്ല. ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല. ആ ശൂന്യതയോട് ഇരുവരും പൊരുത്തപ്പെട്ടിട്ടില്ല.
‘ഈ വീട്ടിലിരിക്കുമ്പോൾ ഓർമ്മ വരുന്നത് അടിയന്തരാവസ്ഥക്കാലമാണ്. എനിക്കന്ന് അഞ്ചുവയസ്സ്. ഞാനും അച്ഛനും അമ്മയും സഹോദരിയും ഒരുമിച്ചാണു കിടക്കുന്നത്. അമ്മ അന്ന് നൈറ്റ് ഡ്യൂട്ടിയുമായി ആശുപത്രിയിലാണ്. അമ്മൂമ്മ വീട്ടിലുണ്ട്. രാത്രിയിലെപ്പോഴോ അച്ഛനെ അന്വേഷിച്ച് പോലീസ് വന്നു. ബൂട്ടിട്ടു ചവിട്ടുന്ന ശബ്ദംകേട്ട് ഞങ്ങളെഴുന്നേൽക്കുമ്പോൾ കാണുന്നത് അച്ഛൻ റെഡിയായി നിൽക്കുന്നതാണ്. ഞങ്ങളെ നോക്കി 'കിടന്നോ കിടന്നോ' എന്നു പറഞ്ഞു.’
‘അച്ഛനെ പോലീസുകാർ കൊണ്ടുപോയെങ്കിലും അതിന്റെ ഗൗരവം ഞങ്ങൾക്കറിയില്ലായിരുന്നു. രാവിലെയായപ്പോഴാണ് അച്ഛനില്ലെന്നു മനസ്സിലായത്. അച്ഛൻ ഇപ്പോൾ അന്ത്യയാത്രയായപ്പോഴും അതേവികാരമാണു ഞങ്ങൾക്ക്’- പറവൂരിലെ വേലിക്കകത്തു വീട്ടിലിരുന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ ഇതുപറയുമ്പോൾ കണ്ണുനിറഞ്ഞു.
ആറു വർഷത്തോളമായി വി.എസിനെ അരികിൽനിന്നു പരിചരിച്ച അരുണിനെ പ്രശംസിച്ച് ഒട്ടേറെപ്പേർ സാമൂഹികമാധ്യമത്തിൽ കുറിപ്പിടുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ഭുതം. അതിലെന്തു കാര്യമെന്നായിരുന്നു ആദ്യ മറുപടി. ‘ഞങ്ങൾ ജീവിച്ച രീതിയിലങ്ങു ജീവിച്ചുപോയി എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തതായി എനിക്കു തോന്നിയിട്ടില്ല. കടമ ചെയ്തുവെന്നുപോലും പറയാനാകില്ല. മകന്റെ ചുമതല നിർവഹിച്ചുവെന്നേയുള്ളൂ. അച്ഛന് രക്തസമ്മർദം പണ്ടേയുള്ളതാണ്. ചെറുപ്പംമുതലേ അച്ഛന്റെ തിരക്കുകളുമായി ഞാനും സഹോദരിയും പൊരുത്തപ്പെട്ടിരുന്നു. പക്ഷേ, ഞങ്ങൾക്കിടയിലെ മാനസികബന്ധം വിവരിക്കാനാകില്ല.’
‘എവിടെപ്പോയാലും വൈകുന്നേകം ഞാൻ വീട്ടിലെത്തുമായിരുന്നു. വളരെ അപൂർവമായേ മാറിനിന്നിട്ടുള്ളൂ. അപ്പോഴൊക്കെ സഹോദരിയെ വിളിച്ചുനിർത്തും. നഴ്‌സുമാരും കെയർടേക്കറും ഉണ്ടായിരുന്നെങ്കിലും അച്ഛന് മക്കളുടെ സാന്നിധ്യം ആശ്വാസമായിരുന്നു.’
‘2019-ൽ പുന്നപ്ര രക്തസാക്ഷിദിനാചരണ പ്രസംഗം കഴിഞ്ഞ് ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കു മടങ്ങിയ ഒക്ടോബർ 23-നു രാത്രിയിയാണ് അച്ഛന് സ്‌ട്രോക്ക് വന്നത്. വലതുകാലിനും കൈക്കും സ്വാധീനക്കുറവുണ്ടായി. കൈയുടെ സ്വാധീനം കുറച്ചു തിരിച്ചുകിട്ടി. കാൽ ശരിയായില്ല. പിന്നെ, പൂർണമായി കിടപ്പായി. കോവിഡ് വന്നപ്പോൾ രണ്ടുദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നെ ആശയവിനിമയം പ്രശ്നമായി.
ആദ്യമായാണ് ഇപ്പോൾ ഹൃദയാഘാതം വന്നത്; ജൂൺ 23-ന് രാവിലെ. 22-ന് വല്ലായ്മ വന്നിട്ട് വൈദ്യപരിശോധന നടത്തിയിരുന്നു. 23-ന് ദേഹം കഴുകിത്തുടച്ചു കഴിഞ്ഞ് പെട്ടെന്ന് സ്ഥിതി വഷളായി. സിപിആർ കൊടുത്തു. വേഗം ആശുപത്രിയിലേക്കു കൊണ്ടുപോയി. തകരാറിലായ ഓരോ അവയവവും ചികിത്സയിൽ പതുക്കെ ഭേദപ്പെട്ടു. പക്ഷേ, വൃക്ക കുഴപ്പിച്ചു. ആദ്യ ഡയാലിസിസ് പ്രശ്നമില്ലായിരുന്നു. അടുത്ത ഡയാലിസിസ് മുതൽ അതു പൂർത്തിയാക്കാൻ പറ്റാത്ത സ്ഥിതിയായി.
തിങ്കളാഴ്ച രാവിലെയാണ് സ്ഥിതി തീരേ മോശമായതും പ്രതീക്ഷ നഷ്ടമാകാൻ തുടങ്ങിയതും.
ആശുപത്രിയിലാകുന്ന ജൂൺ 23- വരെ പത്രം വായിച്ചു കേൾപ്പിക്കുമായിരുന്നു. അത്യാവശ്യം വേണ്ടതു മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നു മാത്രം’
Content Highlights: Arun Kumar and Asha, children of VS Achuthanandan, share memories of their father on their birthday
Published: 25 Jul 2025, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented