കൊച്ചി: ഇന്ത്യയുടെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചരക്ക് നീക്കത്തിൽനിന്നുണ്ടായ വരുമാനം 450 കോടി രൂപ കടന്നു. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ഈ നേട്ടം. ഇതുവരെ 448 കപ്പലുകളാണ് ചരക്കുനീക്കത്തിനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇതുവഴി 9.77 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.

To advertise here,

രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം പോർട്ടിന് കേരളത്തിലേക്ക് അവസരങ്ങളുടെ വാതായനം തുറക്കുന്നതിലും ട്രാൻസ്ഷിപ്മെന്റ് ആവാസവ്യവസ്ഥ പടുത്തുയർത്തുന്നതിലുമുള്ള സാധ്യതകൾ വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

രണ്ടുമുതൽ രണ്ടരക്കോടി വരെ കണ്ടെയ്നറുകളുടെ ചരക്കുനീക്കമാണ് രാജ്യത്ത് പ്രതിവർഷം കടൽമാർഗം നടക്കുന്നത്. ഇതിൽ 25 ശതമാനവും 400 മീറ്ററോളം നീളമുള്ള മദർഷിപ്പുകൾ അടുക്കാവുന്ന ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങൾ വഴിയാണ്. മദർഷിപ്പുകൾക്ക് അടുക്കാവുന്ന വിഴിഞ്ഞത്തുനിന്നാണ് ആഴമില്ലാത്ത തുറമുഖങ്ങളിലേക്ക് കണ്ടെയ്നറുകൾ, ചെറിയ കപ്പലുകൾ വഴി കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നത്. ഇന്ത്യയിൽ വിഴിഞ്ഞത്തിന് സമാനമായ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങളില്ലാത്തതിനാൽ ട്രാൻസ്ഷിപ്‌മെന്റിന്റെ ഭൂരിഭാഗവും ശ്രീലങ്ക, കൊളംബോ, സിങ്കപ്പൂർ, സലാല എന്നീ പോർട്ടുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷം കണ്ടെയ്നറുകൾ ഇത്തരത്തിൽ വിദേശ തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി 22 കോടി ഡോളറോളം വിദേശനാണ്യത്തിന്റെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതിൽ 15 ലക്ഷം കണ്ടെയ്നറിന്റെ ചരക്കുനീക്കം നടത്താനുള്ള ശേഷി നിലവിൽ വിഴിഞ്ഞത്തിനുണ്ട്.

അടുത്തഘട്ട വികസനം 2028-ൽ പൂർത്തിയാകുന്നതോടെ 30 ലക്ഷം കണ്ടെയ്നർ ശേഷി മറികടക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, 800 മീറ്റർ നീളമുള്ള ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററായി വർധിപ്പിക്കും. ഇതോടെ 400 മീറ്റർ നീളമുള്ള നാല് മദർഷിപ്പുകൾക്ക് ഒരേസമയം വിഴിഞ്ഞത്ത് അടുക്കാം.

ഇപ്പോൾ 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത് യഥാക്രമം അറുപതും ഇരുപതും ആയി വർധിക്കുന്നതോടെ ചരക്കുനീക്കത്തിന്റെ വേഗവും കൂടും. മൾട്ടി പർപ്പസ് ​െബർത്ത്, ഇന്ധന ബങ്കറിങ് ​െബർത്ത് എന്നിവയും യാഥാർഥ്യമാകുന്നതോടെ ചരക്ക് നീക്കത്തിനുപരിയായ പ്രവർത്തന നേട്ടങ്ങളും വിഴിഞ്ഞത്തിനു സ്വന്തമാകും. റോഡ്, റെയിൽ മാർഗമുള്ള ചരക്കുനീക്കത്തിലേക്ക് വിഴിഞ്ഞം പോർട്ട് അടുക്കുന്നതും ഈ ഘട്ടത്തിലായിരിക്കും. രണ്ടാംഘട്ട വികസനത്തിന് 10,000 കോടി രൂപ അദാനി ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്.

സർക്കാരിനും നേട്ടം

2034-ൽ തുറമുഖത്തിന്റെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം ആദ്യ വിഹിതമായി ലഭിക്കും. പിന്നീടുള്ള ഓരോ വർഷവും ഒരു ശതമാനം എന്ന നിലയിൽ വർധിച്ച് ഇത് 40 ശതമാനത്തിലെത്തും. ഇങ്ങനെ 40 വർഷംകൊണ്ട് സംസ്ഥാന സർക്കാരിന് 25,000 കോടി രൂപയോളം ലഭിക്കുമെന്ന് അദാനി പോർട്‌സ്‌ ആൻഡ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ, പ്രോജക്ട്സ് ജനറൽ മാനേജർ സുനിൽകുമാർ അയ്യപ്പൻ പറഞ്ഞു. നിലവിൽ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം മാത്രമാണ് സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്ന് ലഭിക്കുന്നത്. ഈയിനത്തിൽ 75 കോടി രൂപ ലഭിച്ചിട്ടുണ്ട്.