തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ആറുവയസ്സുകാരി. പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. വിഴിഞ്ഞം എൽപി സ്‌കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തന്റെ ആവശ്യം ഉന്നയിച്ചത്. തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. 'മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങാം; ഞാൻ വലുതാകുമ്പോൾ പൈസ തരാം' എന്നാണ് ഈ കൊച്ചു മിടുക്കിയുടെ വാക്കുകൾ.
വിഴിഞ്ഞം സ്വദേശിയായ റീഗലിന്റെയും കുടുംബത്തിന്റെയും ജീവിതം അതീവ കഷ്ടപ്പാടിലാണ്. അധ്യാപകർ സഹായിച്ചു വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ മുറിയിലാണ് മാതാപിതാക്കളും രണ്ട് മക്കളും കഴിയുന്നത്. ഈ വീടിന് അടച്ചുറപ്പുള്ള വാതിലുകളോ ശരിയായ ശുചിമുറിയോ ഇല്ല. മഴ പെയ്താൽ വീട് മുഴുവൻ ചോർന്നൊലിക്കുമെന്നും ഒപ്പം ഇഴജന്തുക്കളുടെയും പ്രാണികളുടെയും ശല്യം രൂക്ഷമാണെന്നും റുവാനിയയുടെ അമ്മ പറയുന്നു. ഓരോ ദിവസവും ഭയത്തോടെയാണ് ഈ കുടുംബം മുന്നോട്ട് നീങ്ങുന്നത്. ഒരു സുരക്ഷിതമായ വീട്ടിൽ കിടന്നുറങ്ങുക എന്നത് ഈ കുഞ്ഞുങ്ങളുടെ വലിയ ആഗ്രഹമാണ്.
ഓട്ടോ ഡ്രൈവറായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. വീടിനായി പലതവണ അപേക്ഷകൾ നൽകിയെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പഠിച്ച് മിടുക്കിയായി ഭാവിയിൽ കടം വീട്ടാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകുന്ന ഈ ആറുവയസ്സുകാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
Content Highlights: 6-year-old Ruwania requests a safe home from the Kerala CM., The family lives in a dilapidated 2.5-cent shed with no basic amenities., The child promises to repay the aid once she grows up., The family relies on a meager income from an auto-rickshaw driver., Despite multiple applications, the family has received no official support.
Published: 07 Jun 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented