ഒളവണ്ണ (കോഴിക്കോട്): കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട്ട് വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെയാണ് ശനിയാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തത്. ഭൂമി തരംമാറ്റിനൽകുന്നതിന് പരാതിക്കാരനോട് ഇയാൾ എട്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായായി  കണ്ടെത്തിയതിനെത്തുടർന്നാണ് വിജിലൻസ് നടപടി. ഒരു സെന്റിന് പതിനായിരം രൂപ വീതം എന്ന നിലയ്ക്ക് 1.62 ഏക്കർ ഭൂമി തരം മാറ്റുന്നതിന് എട്ട് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതിൽ ആദ്യ ഗഡുവായി അമ്പതിനായിരം രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ പണം കൈമാറുന്ന സമയത്താണ് വിജിലൻസ് പിടികൂടിയത്. 

To advertise here,

ഭൂമി കൈമാറ്റം നടത്തുന്നതിന് ആദ്യം ഇയാൾ 16 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പരാതിക്കാരൻ നേരിൽക്കണ്ട് അപേക്ഷിച്ചപ്പോൾ അത് എട്ട് ലക്ഷമാക്കി കുറച്ചുകൊടുക്കുകയായിരുന്നു. അതിന്റെ ആദ്യ ഗഡു ആയിട്ടാണ് അമ്പതിനായിരം രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശിയാണ് ഉല്ലാസ്മോൻ. നേരത്തെയും വിജിലൻസിന്റെ സംശയനിഴലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും നടപടികൾ പുരോഗമിച്ചുവരികയാണെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.