ഭോപ്പാൽ: എയർ ഹോസ്റ്റസിന്റെ ജോലിയിൽനിന്ന് പോലീസിലേക്കെത്തി, ഉന്നത പദവി വഹിക്കുന്നതിനിടെ തട്ടിപ്പും അഴിമതിയും നടത്തി വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശിലെ ഈ പോലീസുകാരി. മധ്യപ്രദേശിലെ സിറ്റി പോലീസ് സൂപ്രണ്ട് നേഹ പച്ചീസിയാണ് സസ്പെൻഷനിലായിരിക്കുന്നത്. കൊലക്കേസിൽ പ്രതിക്ക് ഇളവുനൽകാമെന്നപറഞ്ഞ് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി.

To advertise here,

എയർ ഹോസ്റ്റസ് ആയി ജോലിചെയ്യുന്നതിനിടെയാണ് നേഹ പച്ചീസി മധ്യപ്രദേശ് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ച് സംസ്ഥാന പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായത്. കട്നിയിൽ സിറ്റി പോലീസ് സൂപ്രണ്ട് ആയി ജോലിചെയ്യുന്നതിനിടെയാണ് തട്ടിപ്പു കേസിൽ നേഹ കുടുങ്ങിയത്. കൊലപാതക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് 83 ലക്ഷം രൂപ വിലവരുന്ന ഭൂമി വെറും 18.20 ലക്ഷം രൂപയ്ക്ക് വിൽക്കാൻ നിർബന്ധിച്ചുവെന്നാണ് നേഹക്കെതിരായ ആരോപണം. 

വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദാന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലായിരുന്നു നടപടി. ഇവരുടെ കീഴിൽ ഉണ്ടായിരുന്ന മൂന്ന് പോലീസ് സ്റ്റേഷനുകൾ ഡിഎസ്പിയുടെ അധികാര പരിധിയിലാക്കുകയും ചെയ്തിട്ടുണ്ട്.

ഭോപ്പാൽ വിജിലൻസ് ബ്രാഞ്ചിന്റെ പരാതിയുടെയും ജബൽപുർ സോണിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നേഹയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോനയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കട്നി പോലീസ് സൂപ്രണ്ട് അഭിനവ് വിശ്വകർമ്മ പറഞ്ഞു.

രമേശ് ലോധി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് സർക്കാർ രേഖകളേക്കാളും കുറഞ്ഞ വിലയ്ക്കാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. 82.86 ലക്ഷം രൂപയാണ് ഭൂമിയുടെ വില. എന്നാൽ, ലോധിയുടെ കുടുംബത്തിന് 18.20 ലക്ഷം രൂപയാണ് ലഭിച്ചത്. മറൂഫ് അഹമ്മദ് ഹനഫി എന്നയാൾക്ക് സ്ഥലം വിൽക്കാൻ നേഹ സമ്മർദ്ദം ചെലുത്തിയെന്നാണ് പരാതി. ഇതിലൂടെ ഭൂമിയുടെ തുകയുടെ നാലിലൊന്ന് വിലയ്ക്ക് വിറ്റതായാണ് പരാതിയിൽ പറയുന്നത്.

ലോധി ക്രിമിനൽ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു കൈമാറ്റം നടന്നത്. പണത്തിൽ 15 ലക്ഷം രൂപ ചെക്ക് ആയും 3.20 ലക്ഷം രൂപ പണമായും നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, മറൂഫ് അഹമ്മദ് എന്നയാളുടെ 2025 ജൂലൈ 11-ലെ ബാങ്ക് രേഖകളിൽ വെറും 3036 രൂപ മാത്രമായിരുന്നു ബാലൻസ് ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 15-നാണ് സ്വത്ത് കൈമാറ്റം നടന്നത്. ഇതേദിവസംതന്നെ ഇയാളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഷൈൻ പാർട്ണേഴ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് 10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള ക്ഷിതിജ് രാജ് ബരപത്ര എന്നയാളുടെ അക്കൗണ്ടിൽനിന്നാണ് 5 ലക്ഷം രൂപ എത്തിയിരിക്കുന്നത്. എന്നാൽ, ഈ രണ്ട് അക്കൗണ്ടുകളും ബന്ധിപ്പിച്ചിരിക്കുന്നത് ഒരേ പാൻ കാർഡിൽ ആണ്. ക്ഷിതിജ് രാജ് ബരപത്ര എന്നയാൾ നേഹ പച്ചീസിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെയും നേഹയ്ക്കെതിരേ പരാതി ഉയർന്നിരുന്നു. ഒരു വാഹന ബിസിനസുകാരനിൽനിന്ന് വാഹനം വിട്ടുനൽകുന്നതിനായി 30,000 രൂപ അനധികൃതമായി കൈക്കൂലി വാങ്ങി എന്ന പരാതിയും ഇവർക്കെതിരെയുണ്ട്. വ്യാപാരിയായ മഹേന്ദ്ര ജെയിൻ ആണ് നേരത്തെ ഇവർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 30000 രൂപ ആവശ്യപ്പെട്ട നേഹയ്ക്ക് 25000 രൂപ നൽകിയെന്നും 5000 രൂപ ഡ്രൈവറുടെ പക്കൽ നൽകാൻ പറഞ്ഞതായും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ട്രക്ക് പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തെളിവുകളടക്കമാണ് മഹേന്ദ്ര ജെയിൻ പരാതി നൽകിയത്.

എയർ ഹോസ്റ്റസിൽനിന്ന് പോലീസിലേക്കുള്ള നേഹയുടെ യാത്ര വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എയർ ഹോസ്റ്റസ് ആയി ജോലിയിലിരിക്കെ ഇവർ സംസ്ഥാന സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. 2012-ലാണ് എംപിപിഎസ്സി പരീക്ഷയിൽ 20-ാം റാങ്കു നേടി ഡിഎസ്പിയായി സർവീസിൽ പ്രവേശിച്ചത്.