
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കൊടിമര പ്രതിഷ്ഠയിൽ അഭിഭാഷക കമ്മീഷണർ എഎസ്പി കുറുപ്പിനെ കുറ്റപ്പെടുത്തി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്‌ട്രോങ്‌റൂമിലേക്ക് മാറ്റിയ കൊടിമരത്തിലെ ആലിലകളിൽ ഒന്ന് കാണാനില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിനിടയിലാണ് 2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉർന്നുവന്നത്. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പിന്നാലെ, അവർ വിഷയത്തിൽ അന്വേഷണം നടത്തി തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലൻസ് വിഭാഗം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. കൊടിമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള കൊള്ള നടന്നതായുള്ള വിവരം ഈ റിപ്പോർട്ടിലില്ല. ദേവസ്വം ബോർഡിന് എന്തെങ്കിലും പിഴവ് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നില്ല.
ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും മെമ്പറായിരുന്ന അജയ് തറയിലിനുമൊക്കെ വീഴ്ച സംഭവിച്ചു എന്ന തരത്തിലാണ് കൊടിമരവുമായി ബന്ധപ്പെട്ട് പ്രധാനമായും ആരോപണം ഉയർന്നിരുന്നത്. എന്നാൽ, ഇവരുടെ രണ്ടുപേരുടെയും പേരുകൾ വിജിലൻസ് റിപ്പോർട്ടിൽ ഇല്ല. പകരം, കൊടിമരത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനായ എഎസ്പി കുറുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നാണ് ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സ്വർണക്കൊള്ള എന്ന തരത്തിലല്ല വിജിലൻസ് ഈ വിഷയം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വർണം ഏറ്റുവാങ്ങാൻ അഭിഭാഷക കമ്മീഷണറെ ചുമതലപ്പെടുത്തിയില്ല. അതേസമയം, സെലിബ്രിറ്റികൾ അടക്കമുള്ളവർ നൽകിയ സ്വർണം ഏറ്റുവാങ്ങിയത് അഭിഭാഷക കമ്മീഷനാണ്. സ്വർണം ഏറ്റുവാങ്ങുമ്പോൾ രസീത് നൽകുന്നതിലും അഭിഭാഷക കമ്മീഷൻ വീഴ്ച വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
20 പേരോളം സ്വർണം സമർപ്പിച്ചിട്ടുണ്ട് എന്നല്ലാതെ അവരുടെ പേരോ മറ്റ് വിവരങ്ങളോ സ്വർണത്തിന്റെ അളവ് സംബന്ധിച്ച കണക്കോ നൽകാൻ കുറുപ്പിന് കഴിഞ്ഞിട്ടില്ല. ഭക്തർ നൽകുന്ന സ്വർണം ഏറ്റുവാങ്ങാനും അത് റെക്കോർഡാക്കി സൂക്ഷിക്കാനും ചുമതലപ്പെടുത്തിയിരുന്നത് എക്‌സിക്യുട്ടീവ് ഓഫീസറെയാണ്. അതിനുവേണ്ടി ദേവസ്വം ബോർഡ് പ്രത്യേകം ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് പ്രകാരമുള്ള നടപടികളും അവിടെ നടന്നില്ല.
പകരം സെലിബ്രിറ്റികളടക്കമുള്ള ഭക്തർ സ്വർണം സമർപ്പിച്ചിരിക്കുന്നത് അഭിഭാഷക കമ്മീഷണർക്കാണ്. അദ്ദേഹം അത് കിട്ടുന്നപടിക്ക് ദേവസ്വം തിരുവാഭരണ കമ്മീഷമർക്ക് കൈമാറിയിട്ടുണ്ട്. പിന്നീട്, തിരുവാഭരണ കമ്മീഷണറാണ് ഈ സ്വർണം ആവശ്യാനുസരണം പണിക്കാർക്ക് നൽകിയിരുന്നത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌പോൺസർ കൊടുത്ത മൂന്നു കോടി ഇരുപത് ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്കപ്പുറം, ഇതിനായി സമർപ്പിക്കപ്പെട്ട സ്വർണം കണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ.
മാത്രമല്ല, സ്വർണ കൊടിമരവുമായി ബന്ധപ്പെട്ട വരവുചെലവ് കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല, അതിന്റെ ഉത്തരവാദി ആരാണെന്നും ഇത് ബോധപൂർവം ഒഴിവാക്കിയതാണോ എന്നുമാണ് ഇനി അന്വേഷണ സംഘത്തിന് കണ്ടുപിടിക്കാനുള്ളത്. പഴയ കൊടിമരത്തിലെ സ്വർണ ആലില കാണാനില്ലെന്നും വാജിവാഹനം സ്‌ട്രോങ് റൂമിലില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.
സ്‌ട്രോങ് റൂമിൽ നടത്തിയ പരിശോധനയിൽ പഴയ കൊടിമരത്തിന്റെ സ്വർണ പറയടക്കം 28 ഉരുപ്പടികൾ കണ്ടെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാജിവാഹനം മാത്രമാണ് അവിടെ ഇല്ലാതിരുന്നത്. അതാണ് തന്ത്രിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. അതല്ലാതെ, കൊടിമരം നീക്കംചെയ്യുന്ന ഘട്ടത്തിൽ ഉണ്ടാക്കിയ മഹസറിൽ കൊടിമരത്തിലെ മൂന്ന് സ്വർണ ആലിലകൾ ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സ്‌ട്രോങ്‌റൂമിൽ നടത്തിയ പരിശോധനയിൽ രണ്ട് ആലില മാത്രമേ ഉള്ളൂ എന്നും ഒരു ആലില നഷ്ടപ്പെട്ടതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
Content Highlights: Devaswom Vigilance report accuses lawyer commissioner of lapse in Kodimaram consecration, citing a missing gold leaf. Details emerge.
Published: 10 Feb 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented