തിരുവനന്തപുരം: മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതല്‍ വെഞ്ഞാറമൂട്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിനായി, എംഎല്‍എ ഡി.കെ. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

To advertise here,

വെഞ്ഞാറമൂട്ടിലെ പുതുക്കിയ ഗതാഗതനിയന്ത്രണങ്ങള്‍:

* യാതൊരു കാരണവശാലും ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നുവരാന്‍ അനുവദിക്കുന്നതല്ല. തിരുവനന്തപുരത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ കന്യാകുളങ്ങരനിന്ന് ഇടത്തേക്കും വെമ്പായത്തുനിന്ന് വലത്തേക്കും തിരിഞ്ഞു പോകണം. കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ കിളിമാനൂര്‍, കാരേറ്റ് വാമനപുരം ജംഗ്ഷനുകളില്‍നിന്ന് വലത്തേക്കു തിരിഞ്ഞ് മാത്രം പോകേണ്ടതാണ്.

* കൊട്ടാരക്കരയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ അമ്പലമുക്കില്‍ നിന്ന് വെഞ്ഞാറമൂട് സ്റ്റാന്റില്‍ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പന്‍ക്കോട്ടെത്തി പോകണം.

* തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ തൈക്കാട് സമന്വയ നഗര്‍ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങല്‍ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുര്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷന്‍ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകണം.

* കല്ലറ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ വെഞ്ഞാറമൂട് സ്റ്റാന്റിലെത്തി പോകാവുന്നതാണ്.

* തിരുവനന്തപുരത്ത് നിന്നും പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടില്‍ എത്തേണ്ട കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോള്‍ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാവുന്നതാണ്.

* ആറ്റിങ്ങല്‍ - നെടുമങ്ങാട് റോഡില്‍ നിലവില്‍ വാഹന നിയന്ത്രണമില്ല,

* സ്‌കൂള്‍ വാഹനങ്ങള്‍ക്കും വെഞ്ഞാറമൂട്ടില്‍ നിശ്ചിത ഭാഗങ്ങളിലെത്തി തിരികെ പോകാവുന്നതാണ്.

പുതുക്കിയ നിയന്ത്രണങ്ങള്‍ ബുധനാഴ്ച (15/10/2025) മുതല്‍ നടപ്പിലാക്കുന്നതാണ്.