ആലപ്പുഴ: താൻ വർഗീയ വാദിയെന്ന് മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി ഒരു മതത്തിനും എതിരല്ലെന്നും ലീഗ് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നതാണ് എസ്എൻഡിപി നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുടെ വാക്കുകൾ:
മത സൗഹാർദ്ദം തകർത്ത് മതവിദ്വേഷം പകർത്തുന്ന പാർട്ടിയാണ് ലീഗ്. മാറാട് കലാപം ഉണ്ടായത് അവരുടെ ഭരണ കാലത്തല്ലേ. ഇന്നീ മുഖ്യമന്ത്രി ഭരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷമായല്ലോ, അത്തരത്തിൽ ഒരു കലാപമുണ്ടായിട്ടുണ്ടോ? മത സൗഹാർദ്ദത്തിലാണ് പോകുന്നത്. യുഡിഎഫ് ഭരണകാലത്ത് മാറാട് കലാപം ഉണ്ടാക്കി എത്രപേരെയാണ് കൊലപ്പെടുത്തിയത്. അവസരം കിട്ടുമ്പോൾ മറ്റുള്ളവരെ തകർക്കുന്ന നയം. അധികാരങ്ങളും അവകാശങ്ങൾ ഊറ്റിയെടുക്കുകയല്ലേ? ബാക്കിയുള്ളവർക്ക് കൊടുക്കാനുള്ള താത്പര്യം കാണിച്ചോ?
മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം ഞങ്ങൾക്ക് ഉണ്ടോ? എന്റെ സമുദായത്തിന്റെ ദുഃഖം ഞാൻ പറഞ്ഞു പോയി. അതിന് എന്തിനാണ് എന്നെ ഇത്ര വേട്ടയാടുന്നത്? ഞാൻ എന്ത് തെറ്റു ചെയ്തു. അവര് വിളിച്ചപ്പോൾ ഞാൻ ചെന്നില്ല. അവരുടെ കൂടെ ഞാൻ നിന്നില്ല എന്നതിന്റെ പേരിൽ ഞങ്ങളിൽ നിന്ന് ചിലരെ ഉപയോഗിച്ച് എസ്എൻഡിപിക്കെതിരായി നീക്കം നടത്തി. എന്നാൽ അത് പൊളിഞ്ഞു. അതിന് ശേഷം എന്റെ വാക്കുകളിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് എന്നെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്റെ സമുദായം എന്റെ കൂടെ ഉണ്ട്. ലീഗിന്റെ കൂടെ അവരുടെ സമുദായം മുഴുവനും ഉണ്ടോ?
നേരത്തെ എന്നെ അണ്ണനും തമ്പിയായി കൊണ്ടു നടന്നവരാണ് ഇന്ന് എന്നെ കുടയുന്നത്. വിളിച്ചപ്പോൾ ചെല്ലാത്തതുകൊണ്ടാണ് അവർക്ക് ഇഷ്ടക്കുറവ് വന്നത്. അതിന് മുമ്പ് എന്നെക്കൊണ്ട് എവിടെയെല്ലാം നടന്നവരാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. മരണത്തെ മുമ്പിൽ കണ്ടവനാണ് ഞാൻ. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെ. അതിൽ നിന്ന് മാറുന്ന പ്രശ്നമില്ല. നിലപാടിൽ നിന്നും മാറ്റമില്ല. ഭയപ്പെടുത്തി എസ്എൻഡിപിയേയോ നേതാക്കളേയും തളർത്താമെന്ന് വിചാരിക്കുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരാണ്.
മതേതര ചിന്തയിലൂടെ കേരളം ഇപ്പോഴും പോകുന്നു. ഒരു വർഗീയ കലാപവും മതവിദ്വേഷവുമില്ല. ഇതെല്ലാം പ്രചരിപ്പിക്കാൻ പതിനായിരക്കണക്കിന് സമ്മേളനങ്ങൾ ഞങ്ങളുടെ സന്യാസിമാർ നടത്തിയിട്ടുണ്ട്. മറ്റുള്ളവർ എന്തു ചെയ്തു? മതവിദ്വേഷം ഇല്ലാതാക്കാനും മത സൗഹാർദ്ദം നിലനിർത്താനും വേണ്ടി എന്നെ വിമർശിക്കുന്ന മിതവാദികൾ എന്തു ചെയ്തു? ഞങ്ങൾ ഒരിക്കലും ഒരു മതത്തേയും മതവിശ്വാസത്തേയും എതിർക്കുന്നവരല്ല. ഞങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥനമാണ് എസ്എൻഡിപി. ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എന്നെ മുസ്ലിം വിരോധിയായി കണ്ട് ലീഗുകാർ വേട്ടയാടുന്നു. എസ്എൻഡിപി യോഗത്തിലെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും കേസ് നടത്തുന്നതടക്കം മുസ്ലിമാണ്. ആ എന്നെയാണ് മുസ്ലിം വിരോധിയാക്കുന്നത്- വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Vellappally Natesan Alleges Muslim League's Communal Propaganda, Defends SNDP's Secular Stance
Published: 18 Dec 2025, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented