തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങള്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പൂര്‍ണപിന്തുണ അറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുന്നോട്ടുവെച്ച ഈ പരിഷ്‌കാരത്തെ എസ്എന്‍ഡിപി യോഗം ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
'വിദ്യാഭ്യാസവകുപ്പ് സൂംബ നൃത്തം നടപ്പാക്കുന്നതിനെ പൂര്‍ണമായും ശക്തമായും പിന്താങ്ങുന്നു. അതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ഒരു സമുദായത്തില്‍പെട്ട ഒരു ചെറിയ വിഭാഗത്തിന്റെ നേതൃത്വം മുന്നോട്ടുവന്നിട്ടുണ്ട്, അത് ശരിയല്ല. 1990-ല്‍ കൊളംബോയില്‍ തുടങ്ങിവെച്ച ഒരു സമ്പ്രദായമാണ്. ഇത് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. ശരീരത്തിന് ആയാസം കിട്ടാനാണ് ഇത് ചെയ്യുന്നത്. സ്‌കൂളുകളിലെ ഡ്രില്ലിന്റെ മറ്റൊരു രൂപമാണ്,' വെള്ളാപ്പള്ളി പറഞ്ഞു.
'സൂംബയെ എതിര്‍ക്കുന്ന ശക്തികള്‍ ആരായാലും, അവര്‍ വെറുതെ പ്രശ്‌നങ്ങളുണ്ടാക്കാനും മതവിദ്വേഷമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. അവര്‍ അതില്‍നിന്നും പിന്മാറണം. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കുന്ന പ്രവരണത ശരിയല്ല. ഇത്തരം നേതാക്കളുടെ ഭരണവും നിര്‍ദേശവും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ, സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം നടപ്പാക്കണം,' വെള്ളാപ്പള്ളി വ്യക്തമാക്കി.
'എല്ലാ മതവിഭാഗങ്ങളും ചേര്‍ന്ന സമൂഹമാണ് ഈ രാജ്യത്തുള്ളത്. മതവിദ്വേഷം ഇല്ലാതെ, മതസൗഹാര്‍ദം സ്ഥാപിച്ചുകൊണ്ട് വേണം നമ്മള്‍ ശ്രമിക്കാന്‍. ഒരു കൂട്ടായ്മയുണ്ട്, പണബലമുണ്ട്, ആള്‍ബലമുണ്ട് എന്നതിന്റെപേരില്‍ അടിച്ചേല്‍പിക്കുന്ന നയം ഒരു സമുദായവും കാണിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ നല്ലത് ചെയ്യുമ്പോള്‍ അതിനെ അനാവശ്യമായി എതിര്‍ക്കുന്നത് എന്തിനാണ്? ഒന്നിനേയും എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് ശരിയല്ല. നല്ലതിനെ നല്ലതെന്ന് പറഞ്ഞ് സ്വാഗതം ചെയ്യണം,' വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Content Highlights: vellappally natesan says sndp supports vs sivankuttys decision on zumba dance in kerala schools
Published: 29 Jun 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented