ചേർത്തല: മുസ്‌ലിം ലീഗിന്റെ ഏകാധിപത്യത്തെയും വർഗീയനിലപാടുകളെയും ചോദ്യംചെയ്തതിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കി വേട്ടയാടുകയാണെന്നും അതിനെ ചങ്കുറപ്പോടെ നേരിടുമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിങ്ങളെയല്ല, മുസ്‌ലിം ലീഗിന്റെ ഏകപക്ഷീയ നയങ്ങളെയാണ് എതിർത്തത്. ആ നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല- കണിച്ചുകുളങ്ങരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ മുസ്‌ലിം സമുദായത്തിന് ലീഗിന്റെ നിലപാടല്ല. കോൺഗ്രസും യു.ഡി.എഫും മുസ്‌ലിം ലീഗിന്റെ അടിമകളാണ്. ലീഗ് പറയുന്നതനുസരിച്ച് ചാടിക്കളിക്കുകയാണവർ. കോൺഗ്രസിൽ ഈഴവരെ പൂർണമായി അവഗണിക്കുകയാണ്. ആരു നേതാവാകണമെന്ന് ലീഗാണു തീരുമാനിക്കുന്നത്. ലീഗിനെപ്പോലെ മതേതരത്വം തകർക്കുന്ന പാർട്ടി വേറെയില്ല. മാറാട് കലാപം പോലും അവർ ഭരിക്കുമ്പോഴല്ലേ ഉണ്ടായത്?
യാഥാർഥ്യം പറഞ്ഞതിന് എ.കെ. ആന്റണിയെ അവർ വേട്ടയാടി. മതേതരത്വം പറയുന്ന ലീഗ്, ഉമ്മൻചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പുചെയ്തു. 10 വർഷമായി ഇവിടെ കലാപങ്ങളും വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല.
2026-ലും പിണറായി സർക്കാർ
യാഥാർഥ്യ ബോധത്തോടെ വിലയിരുത്തിയാൽ തദ്ദേശ തിരഞ്ഞെടുപ്പുഫലം എൽ.ഡി.എഫിനു തിരിച്ചടിയല്ലെന്നു തെളിയും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടരും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയല്ല നിയമസഭയിൽ. പല പ്രധാന ജില്ലകളിലും എൽ.ഡി.എഫിനാണു മുൻതൂക്കം. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. 10 കൊല്ലം ഒന്നിച്ചിരുന്ന് എല്ലാ സുഖങ്ങളുമനുഭവിച്ചിട്ട് തദ്ദേശത്തിൽ തോറ്റപ്പോൾ പഴിയെല്ലാം പിണറായിക്കു വെച്ച സി.പി.ഐ. അടക്കമുള്ള ഘടകകക്ഷികളുടെ നിലപാട് കുതികാൽവെട്ടിനു തുല്യമാണ്.
ബി.ഡി.ജെ.എസിനു പൂർണ അവഗണന
എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിനു സമ്പൂർണ അവഗണനയാണ്. എൽ.ഡി.എഫിൽ ചെറുകക്ഷികൾക്കുപോലും വലിയ അംഗീകാരമാണ് കൊടുക്കുന്നത്. എന്നാൽ, 10 വർഷം കൂടെനിന്നിട്ടും എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിന് അംഗീകാരമില്ല. ഇനിയെന്തു വേണമെന്നു തീരുമാനിക്കേണ്ടത് അവരാണ്. താൻ ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights: Vellappally Natesan Alleges Muslim League Dictatorship, Vows to Combat "Communal" Attacks
Published: 19 Dec 2025, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented