കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ്. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഇന്നലെ ഹൈക്കോടതി നീക്കിയതാണ് ഇപ്പോഴത്തെ ഇഡി നടപടികൾക്ക് ആധാരമെന്ന് ഷോൺ ജോർജ് പറഞ്ഞു. നേരത്തെ ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് സ്റ്റേ വാങ്ങിയാണ് അന്വേഷണം തടസ്സപ്പെടുത്തിയിരുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് ഈ കുറ്റപത്രത്തിൽ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മുതലേ ഈ അന്വേഷണത്തെ തടസ്സപ്പെടുത്താൻ വലിയ ശ്രമങ്ങളാണ് ഇവർ നടത്തിയത്. എസ്എഫ്‌ഐഒയുടെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് അതിൽ വീണ മൂന്നാം പ്രതിയാണ് വീണ മൂന്നാം പ്രതി എന്ന് പറഞ്ഞാൽ, കമ്പനി ലോ അനുസരിച്ച് നടത്തിയ എൻക്വയറിയിൽ ആ കമ്പനി അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള സ്വത്ത് ഏതെങ്കിലും തരത്തിലുള്ള സേവനം നൽകിയിട്ടല്ല പണം കൈപ്പറ്റിയത് എന്നുള്ളത് വളരെ വ്യക്തമായി ആ കുറ്റപത്രത്തിൽ ഉണ്ട്. പിഎംഎൽ ആക്ട് പ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നുള്ളതാണ് അതിൽ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ അതിന്റെ പ്രോസിക്യൂഷൻ നടപടി തടസ്സപ്പെടുത്താൻ വേണ്ടി ഡൽഹി ഹൈക്കോടതിയിൽ അവർ സ്റ്റേ മേടിച്ചിരുന്നു അതോടൊപ്പം തന്നെ ഇതിന്മേൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പരാതിയിൽ ഇഡി ഇവർക്ക് നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായി. ആ നോട്ടീസിനെ ചലഞ്ച് ചെയ്തുകൊണ്ട് കേരള ഹൈക്കോടതി നിന്നും ഇവർ വാങ്ങിച്ച ഒരു സ്റ്റേ ആണ് ഇന്നലെ ഹൈക്കോടതി നീക്കിയത്.
ഇതേ കേസിൽ മറ്റൊരു രാഷ്ട്രീയ നേതാവ് തിരുവനന്തപുരം വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയെയും സമീപിച്ച സമയത്തൊക്കെ കേസ് എടുക്കാൻ അല്ലെങ്കിൽ അന്വേഷണം ആ ഒരു അപേക്ഷ തള്ളുകയാണ് ഹർജി തള്ളുകയാണ് ചെയ്തതെന്ന് മാത്യു കുഴൽനാടന്റെ ഇടപെടലിനെ പരോക്ഷമായി പരാമർശിച്ച് ഷോൺ ജോർജ് പറഞ്ഞു. വിജിലൻസിന് പോകണമെന്നുണ്ടെങ്കിൽ പിണറായി വിജയൻ പ്രധാന പ്രതിയാകണം. ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വീണാ വിജയനാണ്. വീണ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ വീണയുമായിട്ട് അനധികൃതമായ സാമ്പത്തിക ഇടപാട് നടന്നു എന്ന് തെളിയുന്നിടത്ത് മാത്രമേ വിജിലൻസ് ഉൾപ്പെടെയുള്ളവർക്ക് സ്‌കോപ്പ് ഉള്ളു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിജിലൻസ് എൻക്വയറിക്ക് കൊടുത്തിട്ട് കാര്യമില്ല എന്ന്. ഇവിടെ എസ്എഫ്‌ഐഒ എൻക്വയറി ആണ് നടന്നത്. ആ എൻക്വയറി പൂർത്തീകരിച്ചു വീണ ആ കേസിൽ മൂന്നാം പ്രതിയാണ്. ഒരുപക്ഷേ കേരളം ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് വീണ ആ കേസിൽ മൂന്നാം പ്രതിയാണ് എന്നത്. യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ ഇത്തരത്തിൽ പണം കെപ്പറ്റിയിട്ടുണ്ട്. അത് ആർക്ക് വേണ്ടിയാണ് എന്നുള്ളത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മകളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പണം നൽകിയതിന്റെ ലിസ്റ്റ് കോടതിയിലുണ്ടെന്നും ആ പട്ടിക പുറത്തുവരാൻ താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എസ്എഫ്‌ഐഒയും ഇഡിയും അതുപോലെതന്നെ സിബിഐയും ഈ കേസിൽ ഉണ്ടാകണം. കാരണം അടുത്ത ഘട്ടത്തിൽ കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പിറ്റിയിട്ടുള്ളത് പിണറായ വിജയൻ മാത്രമല്ല. ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റാണ് കോടതിയിൽ ഇരിക്കുന്നത്. ആ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ കൊടുത്ത ഹർജി, അതിലും സ്റ്റേ മേടിച്ചു വെച്ചേക്കുകയാണ്. അത് ഹൈക്കോടതി പരിഗണനയിലാണ്. അതിലും എനിക്ക് അനുകൂലമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വാഭാവികമായിട്ടും കേരളത്തിലെ പൊതുസമൂഹത്തിൽ ഇന്ന് മാന്യന്മാരെന്ന് നിങ്ങളൊക്കെ വിലയിരുത്തിയിട്ടുള്ള പലരും ആ ലിസ്റ്റിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം- ഷോൺ ജോർജ് പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ സിപിഎം ഭയപ്പെടുക തന്നെ വേണം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇഡി ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനമൊന്നും ഇഡിക്ക് മുന്നിൽ തടസ്സമല്ലെന്നും കൂട്ടിച്ചേർത്തു. എത്രയോ സംസ്ഥാനത്ത് എത്രയോ മുഖ്യമന്ത്രിമാരെ ഇഡി റെയ്ഡ് ചെയ്തിട്ടുണ്ട്, അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയാണോ അല്ലയോ എന്നുള്ളത് ഇഡിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന വിഷയമല്ല. മുഖ്യമന്ത്രിയായിരുന്ന എത്രയോ വ്യക്തികളെ പേടിക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയൻ. സിപിഎം ഭയപ്പെടണം അതിന് സംശയം വേണ്ട. കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കൈക്കൂലി മേടിച്ചിട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭയപ്പെടുക തന്നെ ചെയ്യണം അത് തുടർന്നുള്ള ദിവസങ്ങളിൽ അവർക്ക് മനസ്സിലാകുമെന്നും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഷോൺ ജോർജ് പറഞ്ഞു.
Content Highlights: Veena Vijayan identified as the third accused in the SFIO charge sheet., Kerala High Court lifted the stay on ED investigation into the Masappadi case., Allegations of illegal financial transactions without service delivery under PMLA., Shaun George claims a list of beneficiaries exists and seeks its public disclosure., Assertion that ED is empowered to investigate regardless of political position.
Published: 27 May 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented