തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ വിപുലമായ റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടുത്ത തുടർ നടപടികളിലേക്ക് കടക്കുന്നു. റെയ്ഡിൽ വീണ വിജയന്റെ പക്കൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനും വീണ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയക്കാനുമാണ് ഏജൻസിയുടെ തീരുമാനം. സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ആകെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച ഈ അക്കൗണ്ടുകളിലായി ആകെ 18.36 കോടി രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം ഈ പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.
നൽകാത്ത സേവനങ്ങൾക്കായി എക്സാലോജിക്കിൽ നിന്ന് ലഭിച്ചതായി പറയുന്ന തുക ഏതു തരത്തിലാണ് വിനിയോഗിച്ചതെന്ന് ഇഡി പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് വീണ വിജയൻ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കും. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടയിൽ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് വീണ വിജയൻ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും ദിവസങ്ങളിൽ വീണയ്ക്ക് നോട്ടീസ് നൽകി കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളിപ്പിച്ചു എന്ന ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഈ 130 കോടി രൂപ എക്സാലോജിക്കിന് പുറമേ മറ്റ് ഏതൊക്കെ സ്ഥാപനങ്ങളിലേക്കോ കമ്പനികളിലേക്കോ പോയിട്ടുണ്ടെന്നും അതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും എസ്എഫ്ഐ-സിപിഎം പ്രവർത്തകർ ക്രൂരമായി ആക്രമിച്ച സംഭവം നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ഇഡി ഡ്രൈവർക്കും വനിതാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും വാഹനങ്ങൾ പൂർണ്ണമായും തകർക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. നന്ദാവനം എ.ആർ. ക്യാമ്പിന് തൊട്ടടുത്ത് വെച്ച് നടന്ന അക്രമം തടയാൻ പോലീസിന് കഴിയാത്തത് ബോധപൂർവ്വമായ സുരക്ഷാ വീഴ്ചയാണെന്നാണ് വിമർശനം. ഈ സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ സിബിഐക്ക് കൈമാറാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ട്.
Content Highlights: Enforcement Directorate freezes 242 accounts worth 18.36 crore in the CMRL-Exalogic case.
Published: 28 May 2026, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented