കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്ത ആരോഗ്യപ്രവർത്തകർക്കെതിരേ നടപടിക്ക് സാധ്യത. മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്‌സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

To advertise here,

മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെയാണ് ആരോഗ്യപ്രവർത്തകർക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചന ലഭിച്ചത്.

മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി റെയിൽവേ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. പരാതി നൽകിയ മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തി.

ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിന് ഒപ്പം സെൽഫിയെടുത്തത് പൊല്ലാപ്പായതോടെ ഫേസ്ബുക്കിൽ വിശദീകരണവുമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ നേഴ്‌സായ പി.സി സ്മിത രംഗത്തെത്തിയിരുന്നു. കടുത്ത ശരീരവേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചുവെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും നേഴ്‌സ് പോസ്റ്റിൽ വ്യക്തമാക്കി. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത കുറിച്ചു.