തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയ മന്ത്രി വീണാജോര്‍ജ് ഇന്ന് അത് തിരുത്തി. സംഭവം വിവാദമായതിന് പിന്നാലെ തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് തിരുത്തലിലുള്ളത്. മറ്റുവിശദാംശങ്ങളൊന്നും മന്ത്രിയുടെ പുതിയ മറുപടിയില്‍ ഇല്ല.

സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി വാക്കാല്‍ തിരുത്തിയിരുന്നു.. മറുപടി തയ്യാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.

ഇതിനിടെ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തില്‍ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സേവനം നടത്തുകയും തല്ല് വാങ്ങിക്കുകയുമല്ല ഈ കാലഘട്ടത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കേണ്ട നീതി. ആരും അംഗീകാരം തരേണ്ടതില്ല. ഉപ്രദിക്കാതിരുന്നാല്‍ മതി. സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നോക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ പറഞ്ഞു.

ആറിടങ്ങളിലാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായതെന്നാണ് ഐഎംഎ പറയുന്നത്. ഇതെല്ലാം സംഭവിച്ചത് വീണാ ജോര്‍ജ് മന്ത്രിയായിരിക്കുമ്പോഴാണ്. എന്നിട്ട് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയായില്ലെന്നും ഐഎംഎ വിമര്‍ശിച്ചു. രണ്ടു തവണ ആരോഗ്യ മന്ത്രിയേയും ഒരു തവണ മുഖ്യമന്ത്രിയേയും നേരിട്ടു കണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വലിയ അലംഭാവം കാണിക്കുകയാണെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. ഈ രീതിയില്‍ ആക്രമണം തുടരുകയാണെങ്കില്‍ വാക്‌സിനേഷന്‍ അടക്കം നിര്‍ത്തിവെക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.