കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) യിൽനിന്നാണ് കേരള റെയിൽവേ പോലീസ് ഇവ ശേഖരിച്ചത്. മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിനപ്പുറം മന്ത്രിയെ കൈയേറ്റം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും കിട്ടിയിട്ടില്ല.

To advertise here,

സംഭവവുമായി ബന്ധപ്പെട്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരിൽനിന്നും മന്ത്രിയെ ചികിത്സിച്ച പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഡോക്ടർമാരിൽനിന്നും മൊഴിയെടുത്തു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെയും മൊഴിയെടുക്കും. ആരോഗ്യമന്ത്രിയിൽനിന്ന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ ആറുപേരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് കഴുത്തിന് പരിക്കേറ്റത്. മന്ത്രിയെ കൊല്ലാൻ ആഹ്വാനംചെയ്ത് പാഞ്ഞടുത്തെന്നും ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. വധശ്രമക്കേസ് ചുമത്തി അറസ്റ്റുചെയ്ത കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പെടെ അഞ്ചുപേർ കണ്ണൂർ സബ്ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിന് കേസെടുത്തെങ്കിലും അതിന് ബലം നൽകുന്ന തരത്തിൽ മന്ത്രിയെ ആക്രമിച്ചതിന്റെ തെളിവുകൾ കിട്ടാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിലെല്ലാം പോലീസ് വലയത്തിനകത്താണ് മന്ത്രിയുള്ളത്. ഈ സാഹചര്യത്തിൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായവും പോലീസിലുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ കേസിൽനിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് റിമാൻഡിൽ കഴിയുന്ന കെ.എസ്.യു. നേതാക്കൾ വെള്ളിയാഴ്ച കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടു. ജാമ്യഹർജിയിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടി. ജയിലിൽ കഴിയുന്ന കെ.എസ്.യു. നേതാക്കളെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി., യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

മന്ത്രി വീണയുടെ പരിക്ക്: പൊതുജനാരോഗ്യത്തിന് നേർക്കുള്ള ക്രൂരമായ ആക്രമണമെന്ന് സി.പി.എം.

ന്യൂഡൽഹി: കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായതിൽ പ്രമേയവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ. കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തിനു നേർക്കുണ്ടായ ക്രൂരമായ ആക്രമണമാണിതെന്ന് പ്രമേയത്തിൽ ആരോപിച്ചു. മന്ത്രിക്കുനേരേ കെ.എസ്.യു. ഗുണ്ടകൾ അഴിച്ചുവിട്ട ആക്രമണത്തെ അപലപിക്കുന്നു. ആരോഗ്യരംഗമുൾപ്പെടെ സമസ്തമേഖലകളിലും സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങൾ തുടരുന്ന കോൺഗ്രസിനും ബി.ജെ.പി.ക്കും എൽ.ഡി.എഫിന്റെ നേട്ടങ്ങൾ ഉൾക്കൊള്ളാനാകുന്നില്ലെന്നും സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഐ.സി.യു.വിലെ സെൽഫിയെക്കുറിച്ചും വിവാദം

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആസ്പത്രിയിലെ നഴ്സുമാർ മന്ത്രിക്കൊപ്പം സെൽഫിയെടുത്തതിനെച്ചൊല്ലിയും വിവാദം. വ്യാഴാഴ്ചയാണ് നഴ്സുമാർക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. മന്ത്രിക്ക് പരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു കെ.എസ്.യു. നേതാക്കളുടെ വാദം.

കെ.എസ്.യു.വിനെതിരേ ഇടത് സൈബർ ഹാൻഡിലുകളും രംഗത്തുവന്നു. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടി. മന്ത്രിയോട് അത്രയ്ക്ക് അടുപ്പം തോന്നിയതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്ന് നഴ്സ് പി.സി.സ്മിത സാമൂഹികമാധ്യമത്തിൽ കുറിപ്പിടുകയും ചെയ്തു.