കളമശ്ശേരി: കളമശ്ശേരിയിൽ മന്ത്രി പി. രാജീവിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ് മുസ്ലിംലീഗ് സ്ഥാനാർഥിയായ അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകനാണ് 50 കാരനായ അബ്ദുൾ ഗഫൂർ

To advertise here,

എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ ഐ.യു.എം.എൽ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, എഫ്.ഐ.ടി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (എസ്.ടി.യു) പ്രസിഡന്റ്, ടി.സി.സി.സി. തൊഴിലാളി യൂണിയൻ വർക്കിങ്ങ് പ്രസിഡന്റ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു.) പ്രസിഡന്റ്, കെ.ഐ.എൽ. എംപ്ലോയീസ് ഓർഗനൈസിങ് (എസ്.ടി.യു.) പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി. ബിരുദം നേടി. 2000-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. ഭാര്യ: ദിലാറ. മക്കൾ: റിദ, വസീം, റയ.