കോഴിക്കോട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പുതുയുഗയാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയുണ്ടായ ഉന്തും തള്ളും ‘സ്നേഹത്തള്ളെ’ന്ന കോൺഗ്രസിന്റെ വിശദീകരണം തള്ളി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥലം എം.പി.യായ തന്നെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിനുണ്ടായ ‘സ്വാഭാവിക’ പരിഭവമാണ് സംഭവത്തിനിടയാക്കിയതെന്നും പക്ഷേ, അദ്ദേഹം പ്രകോപിതനാകാൻ പാടില്ലായിരുന്നെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

To advertise here,

“ചില മാധ്യമങ്ങളിൽ വന്നപോലെയും ചിലർ പറയുന്നപോലെയുമുള്ള മൈക്കിനായുള്ള പിടിവലിയൊന്നും അവിടെ നടന്നിട്ടില്ല. അവിടെ ഉന്തും തള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. അവിടത്തെ എം.പി.യാണ് ഷാഫി. തന്റെ നിയോജകമണ്ഡലത്തിലെ ആളുകളെക്കണ്ട് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയതിൽ തെറ്റുപറയാൻ കഴിയില്ല.

വേദികളിൽ കുറച്ചുകൂടി ജാഗ്രതകാണിക്കണമായിരുന്നു. അത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്ന് അദ്ദേഹത്തോടുതന്നെ പറഞ്ഞിരുന്നു. ഷാഫിയുടെ പ്രതികരണത്തെ പെട്ടെന്നുണ്ടായ വികാരവിക്ഷോഭമായിമാത്രം കണ്ടാൽമതി. .

താൻ വീണുപോയെന്നരീതിയിലുള്ള പ്രചാരണം തെറ്റാണെന്നും അത്തരം ഒരു രംഗം കണ്ടപ്പോൾ സോഫയിൽ തന്റെ സീറ്റിൽ ഇരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ” തന്നെ ഓരോ ദിവസവും വിവിധ മണ്ഡലങ്ങളിൽ മാധ്യമങ്ങൾ മത്സരിപ്പിക്കുകയാണ്. പാർട്ടിയാണ് താൻ മത്സരിക്കുന്നകാര്യം തീരുമാനിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.