തിരുവനന്തപുരം: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പത്തൊന്‍പതുകാരിയായ മോഡല്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

To advertise here,

രാത്രിയിലുള്‍പ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ല- സതീശന്‍ പറഞ്ഞു. 

എ.കെ.ജി. സെന്ററിലെ അടിമപ്പണിയും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലും സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തലും മാത്രമാണ് കേരള പൊലീസിന്റെ ഇപ്പോഴത്തെ പണി. സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി പൊലീസ് സേന മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. നമ്മുടെ മക്കള്‍ക്ക് നിര്‍ഭയരായി റോഡില്‍ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ- എന്നും സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരാഞ്ഞു.