തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡാം മാനേജ്‌മെന്റിന്റെ എ.ബി.സി.ഡി പോലും അറിയാത്തവരാണ് മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്ത് വഷളാക്കിയത്. ഡാം തുറന്നുവിട്ട് പ്രളയത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടാനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിന് പങ്കുണ്ട്. അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടതാണ്. എന്നാല്‍ കുറ്റക്കാരായ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

കേരളം സാമ്പത്തിക ബാധ്യതയിലാണെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. കടമെടുത്ത് കൂട്ടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ധവളപത്രവും കോണ്‍ഗ്രസ് പുറത്തിറക്കി. അന്ന് കോണ്‍ഗ്രസ് പറഞ്ഞ അതേകാര്യങ്ങളാണ് ഇന്ന് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. കേരള രൂക്ഷമായ കടക്കെണിയിലേക്ക് പോവുകയാണ്.  എന്നിട്ടും ബജറ്റിന് പുറത്ത് കടമെടുത്തുകൊണ്ട് വലിയ അപകടത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഭയാനകമാണ് ചിത്രമാണ് സിഎജി കേരളത്തിന് നല്‍കുന്നത്. 

എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എവിടെ നിന്നാണ് ഇത്രയും അധികം പണം കടമെടുക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 64000 കോടി രൂപ മാത്രമേ ചെലവാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പദ്ധതിക്ക് 1,24000 കോടി രൂപ ആവുമെന്നാണ് നീതി ആയോഗ് പറഞ്ഞിരിക്കുന്നത്. കേരളം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഈ സമയത്ത് വീണ്ടും ഇത്രയും കോടി രൂപയുടെ ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

ബിജെപി സര്‍ക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളിയാണ് കേരള സര്‍ക്കാര്‍ ഇത്തരം പ്രോജക്ടുകളുമായി മുന്നോട്ടുപോവുന്നത്. സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നു. ഇരട്ടത്താപ്പാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് തെളിയുകയാണ്. 

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ബേബി ഡാമിന് സമീപത്തെ മരംമുറിക്കാനുള്ള തീരുമാനമുണ്ടായത്.  ജൂണ്‍ 11ന് ബേബി ഡാമിന്റെ പരിസരത്ത് തമിഴ്‌നാടും കേരളവും ചേര്‍ന്ന് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നു. സെപ്തംബര്‍ 17ന് സെക്രട്ടറി ലെവലില്‍ നടന്ന മീറ്റിങ്ങിലാണ് മരമുറിക്കാനുള്ള തീരുമാനമെടുത്തത്. ഈ തീരുമാനം ഒരു നോട്ടിലൂടെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനു ശേഷം നവംബര്‍ ഒന്നിന് അഡീ. സെക്രട്ടറിയുടെ റൂമില്‍ വെച്ച് യോഗം ചേര്‍ന്നു. അതിന് മിനുട്‌സ് ഇല്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ നിയമസഭയില്‍ ആ മിനുട്‌സ് മന്ത്രി എ.കെ ശശീന്ദ്രന്‍ വായിച്ചിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് അഞ്ച് തമിഴ്‌നാട് മന്ത്രിമാര്‍ ബേബി ഡാം സന്ദര്‍ശിച്ചു. മണിക്കൂറുകള്‍ക്കകം മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കി. ഇതൊന്നും അറിഞ്ഞില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറയുമ്പോള്‍ പിന്നീട് ആ സ്ഥാനത്ത് തുടരാന്‍ മന്ത്രി യോഗ്യനല്ല. തന്റെ വകുപ്പില്‍ എന്ത് നടക്കുന്നുവെന്ന് ഒരു മന്ത്രി അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്ത് ഇരിക്കുന്നത്. അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നത് സത്യമാണെങ്കില്‍ റോഷി അഗസ്റ്റിന്റെ ആത്മാഭിമാനത്തിലാണ് ക്ഷതമേറ്റിരിക്കുന്നത്. ബന്ധപ്പെട്ട മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി ഈ തീരുമാനമെടുത്തുവെങ്കില്‍ ആ മന്ത്രിസ്ഥാനത്ത് റോഷി അഗസ്റ്റിന്‍ തുടരരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാന്‍ ഡാം തുറന്നത് കാരണമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി.) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ സി.എ.ജി.യെ അറിയിച്ചത്.