തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്ന് മന്ത്രി പ്രതികരിച്ചു.

To advertise here,

മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്നത്തില്‍ തീരുമെനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരാ. ഏത് സഹാചര്യത്തിലാണ് മരംമുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് ഇന്ന് 11 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കു.

എന്നാല്‍ ഇക്കാര്യങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും ദുരൈ മുരുകന്‍ പറഞ്ഞു.

അതേസമയം മരംമുറിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥതലത്തില്‍ മാത്രമെടുക്കുന്ന തീരുമാനമാണ് ഇതെന്ന് കരുതാന്‍ കഴിയില്ല. ബേബി ഡാമിനു സമീപത്തെ മരംമുറിച്ചാല്‍ ഡാം ദുര്‍ബലമാവുമെന്ന കണ്ടെത്തലുകളുണ്ട്. മരംമുറിക്കണമെന്ന് തമിഴ്‌നാട് പലതവണ ആവശ്യപ്പെട്ടിട്ടും അത് നടക്കില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞ് അനുമതി നല്‍കിയ ഉദ്യോഗസ്ഥന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Content Highlights: Permission to cut down trees for baby dam was given without informing Kerala Govt. says minister