കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി, അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ മടങ്ങിയത്. പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങവേ കാണാൻ കാത്തുനിന്ന അലോഷ്യസിനെ ശ്രദ്ധിക്കാതെ വി.ഡി. സതീശൻ മുഖം തിരിച്ചു പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു സംഭവം. പരിപാടി തുടങ്ങുന്ന ഘട്ടത്തിൽ സദസ്സിലായിരുന്ന അലോഷ്യസ്, സതീശൻ പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ ഒന്ന് കാണാനും സംസാരിക്കാനുമായി അടുത്തേക്ക് നീങ്ങി. എന്നാൽ മറ്റു ചിലരുമായി സംസാരിച്ച സതീശൻ, തന്റെ തൊട്ടടുത്തേക്ക് എത്തിയ അലോഷ്യസിനെ കണ്ടില്ലെന്ന് നടിച്ചു പോവുകയായിരുന്നു.
കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നു വന്ന നേതാവായ സതീശൻ, ഒരു വിദ്യാർഥി നേതാവിനോട് ഇത്തരത്തിൽ പെരുമാറുന്നത് പ്രവർത്തകർക്കിടയിൽ മോശം സന്ദേശം നൽകുമെന്ന് വിമർശനമുയരുന്നുണ്ട്. അണികളോട് കാണിക്കേണ്ട മാന്യതയും സംഘടനാപരമായ മര്യാദയും ഇവിടെ ലംഘിക്കപ്പെട്ടതായും ആക്ഷേപം ഉയരുന്നുണ്ട്. മുൻപ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും അത് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, ഒരു പൊതുവേദിയിൽ പോലും അവഗണിക്കപ്പെട്ടത് കെഎസ്‌യു സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉന്നയിച്ച വിമർശനങ്ങളാണ് ഈ ചേരിപ്പോരിന് പിന്നിൽ. തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി പ്ലീഡർ നിയമനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളോട് സതീശൻ നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. പ്ലീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോൾ ആണുള്ളത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അലോഷ്യസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
Content Highlights: Watch the video of VD Satheesan ignoring KSU President Aloysius Xavier at a Kochi college event.
Published: 17 Jul 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented