കൊച്ചി: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന്റെ വിള്ളൽ റവന്യൂ മന്ത്രി കെ. രാജൻ പരിശോധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോർച്ച പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്, മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വീടുകളിൽ ഇതുവരെ ആർക്കും താമസിക്കാനായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

To advertise here,

തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനം. തിരഞ്ഞെടുപ്പ് കാലത്ത് ബോർഡുകൾവെച്ചും മറ്റും ആഘോഷമാക്കിയ ആ ഉദ്ഘാടനത്തിനുശേഷം ഒരാൾക്കുപോലും അതിനകത്ത് താമസിക്കാനായില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തെറ്റായ പ്രചാരണങ്ങൾക്കൊക്കെ കാലം മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

ശബരിമല കേസ് ഒരു തെളിവുമില്ലാതെ അവസാനിക്കുമെന്ന് മുൻപ് പറഞ്ഞത് യാഥാർഥ്യമായി. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരേ വരുന്ന കേസുകൾ ഇ.ഡി. അന്വേഷിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.