വാഗമൺ: കോട്ടമലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് നിയന്ത്രണം വിട്ട് 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽനിന്ന് വാഗമൺ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. കുവലയേറ്റത്തുനിന്ന് കോട്ടമലയ്ക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.

To advertise here,

വണ്ടി ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് പെട്ടെന്ന് വിയർപ്പും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുകയും ബോധം നഷ്ടപ്പെട്ട് സ്റ്റിയറിങ്ങിലേക്ക് കമിഴ്ന്നുവീഴുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡരികിലെ ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ ജീപ്പ് ഡ്രൈവറും കോട്ടമല സ്വദേശിയുമായ രാജേഷിനെ (36) കാലിലെ പേശി മുറിഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ സ്വദേശികളായ ഗോപിനാഥ് (44), നിശാന്ത് (24), സെന്തിൽ (50) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഗമണ്ണിലെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്ന ഈ സംഘം കോട്ടമല ഭാഗത്തേക്ക് ട്രക്കിങ്ങിനായി പോയതായിരുന്നു. നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണിത്. കുത്തനെയുള്ള വളവുകളും തിരിവുകളും നിറഞ്ഞ ഇവിടുത്തെ റോഡുകൾ പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡിന്റെ ഒരുവശത്ത് സംരക്ഷണഭിത്തികളില്ലാത്ത ആഴമേറിയ കൊക്കയായതിനാൽ വലിയ അപകടഭീഷണിയിലാണ് യാത്രക്കാർ ഇവിടെ യാത്രചെയ്യുന്നത്.