വടകര: പൂട്ടിപ്പോകുമായിരുന്ന ഒരു സ്‌കൂള്‍, യുഎല്‍സിസിഎസ് അതിന്റെ കൈപിടിച്ചപ്പോള്‍ പിന്നെ പിറന്നത് ചരിത്രം. ഇത്തവണ ഒന്നാംക്ലാസില്‍ പുതുതായി ചേര്‍ന്നത് 36 കുട്ടികള്‍, നഴ്സറി ക്ലാസുകളിലെത്തിയത് 80 പേര്‍. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടവും സ്ഥലവും നഷ്ടപ്പെട്ട്, ചാരമായിപ്പോകുമായിരുന്ന അവസ്ഥയില്‍നിന്നാണ് മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍, യുഎല്‍സിസിഎസിന്റെ കൈത്താങ്ങില്‍ യുഎല്‍ സെന്റിനറി സ്‌കൂളായി പുനരവതരിച്ചത്.

To advertise here,

ആദ്യ പ്രവേശനോത്സവത്തില്‍ത്തന്നെ സ്‌കൂളിനെ നാട് നെഞ്ചിലേറ്റിയെന്ന് വ്യക്തമായി. കഴിഞ്ഞവര്‍ഷം നാല് ക്ലാസുകളിലായി 19 കുട്ടികളാണുണ്ടായിരുന്നത്. ഇത്തവണ നാല് ക്ലാസിലുമായി 76 കുട്ടികള്‍, നഴ്സറിയില്‍ 80 കുട്ടികളും. കെട്ടിടവും സ്ഥലവും ദേശീയപാതയ്ക്കായി എടുത്തതോടെ വാടകക്കെട്ടിടത്തിലായിരുന്നു സ്‌കൂള്‍. സ്ഥലംവാങ്ങി പുതിയകെട്ടിടം നിര്‍മിക്കുക മാനേജര്‍ക്ക് അപ്രാപ്യമായതിനാല്‍ പൂട്ടല്‍മാത്രമായിരുന്നു മുന്നിലുള്ള വഴി. ഇതിനിടെ സ്‌കൂള്‍സംരക്ഷണസമിതിയും ചോറോട് പഞ്ചായത്തും ഇടപെട്ട് സ്‌കൂള്‍ നിലനിര്‍ത്താന്‍ എല്ലാ വഴികളും തേടി. ഒരുവഴി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കായിരുന്നു.

നാടിന് നന്മപകരാന്‍ വാഗ്ഭടാനന്ദന്‍ തിരികൊളുത്തിയ പ്രസ്ഥാനം മുഖംതിരിച്ചില്ല. സ്‌കൂള്‍ സൊസൈറ്റി ഏറ്റെടുത്തു. പഴയ സ്‌കൂളിനുസമീപത്തായി സ്ഥലംവാങ്ങി ആധുനികസൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചു. സര്‍ഗാത്മക വിദ്യാഭ്യാസം എന്ന പഠനരീതി വിദ്യാഭ്യാസവിദഗ്ധരെ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ചു. ഇതിന്റെയെല്ലാം ഫലമായാണ് സ്‌കൂളിലേക്ക് കുട്ടികളൊഴുകിയത്. നാടൊന്നായി ആഘോഷമായിത്തന്നെ നവാഗതരെ സ്‌കൂളിലേക്ക് സ്വീകരിച്ചു.