
വടകര: നവീകരണം നടക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിൽ കലുങ്ക് നിർമിച്ചതിന് സമീപത്തെ കുഴിയിലേക്കുവീണ് സമീപവാസി മരിച്ചു. അമരാവതിയിലെ ഏലത്ത് മൂസ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് കലുങ്കിനും റോഡിനും ഇടയിലുള്ള വിടവിൽ തലകീഴായിവീണനിലയിൽ ഇദ്ദേഹത്തെ കാണുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കലുങ്ക് നിർമിക്കുമ്പോൾ കാൽനടയാത്രക്കാർക്കുള്ള സൗകര്യമൊരുക്കാത്തതും മതിയായ സുരക്ഷാസംവിധാനം ഏർപ്പെടുത്താത്തതുമാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം റോഡിന്റെ ഒരുവശത്ത് കലുങ്ക് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പകുതി റോഡിലൂടെയാണ് വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്നത്. ഇവിടെ കലുങ്കിനെയും റോഡിനെയും വേർതിരിക്കാൻ ടാർവീപ്പകൾ വെച്ചിട്ടുണ്ട്. ഇതിനരികിലൂടെ പോകുമ്പോൾ മൂസ കുഴിയിലേക്കുവീണതാണെന്ന് കരുതുന്നു. കുഴിക്ക് ഏതാണ്ട് രണ്ടുമീറ്ററോളം ആഴമുണ്ട്. ടാർവീപ്പയും മറിഞ്ഞുവീണനിലയിലായിരുന്നു. വാഹനം പോകുമ്പോൾ വീപ്പ പിടിച്ചപ്പോൾ താഴേക്കുവീണതാണെന്നാണ് സംശയം. ഏതെങ്കിലും വാഹനം തട്ടിയോ എന്നതും അന്വേഷിക്കുന്നുണ്ട്.
വില്യാപ്പള്ളിയിലെ കടയിലേക്കുപോയ മൂസ രാത്രിവൈകിയിട്ടും വരാത്തതിനെത്തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് കലുങ്കിന് സമീപത്തെ കുഴിയിൽവീണനിലയിൽ ഇദ്ദേഹത്തെ കണ്ടത്. ഇവിടെ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ സൗകര്യമില്ലാത്ത അവസ്ഥയും അതുയർത്തുന്ന അപകടഭീഷണിയും നിർമാണം നടത്തുന്ന യുഎൽസിസിഎസിനെ അറിയിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
സുരക്ഷാസംവിധാനം ഒരുക്കിയാണ് റോഡ് പണി നടക്കുന്നതെന്നും അമരാവതിയിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് നടപടിസ്വീകരിക്കുമെന്നും യുഎൽസിസിഎസ് വ്യക്തമാക്കി. സൂപ്പിയുടെയും കുഞ്ഞയിഷയുടെയും മകനാണ് മൂസ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, ഇബ്രാഹിം, അസീസ്, സാബിറ, പാത്തു, മറിയം.
അന്നും അനാസ്ഥ: മറക്കരുത്, സ്വിഗ്ഗി ജീവനക്കാരന്റെ മരണം
കോഴിക്കോട്: റോഡുനിർമാണത്തിലെ അനാസ്ഥകാരണം ജീവൻ നഷ്ടമായ സംഭവം നേരത്തേയുമുണ്ടായിട്ടുണ്ട്. ദേശീയപാതയോരത്ത് ചേവരമ്പലം നേതാജിനഗർ ജങ്ഷനിലെ തുറന്നുകിടന്ന കിടങ്ങിൽവീണ് സ്വിഗ്ഗി ഭക്ഷണവിതരണക്കാരനായ തണ്ണീർപ്പന്തൽ സ്വദേശി രഞ്ജിത് (42) മരിച്ചത് 2025 ഫെബ്രുവരി മൂന്നിന് പുലർച്ചെയാണ്. ബൈപ്പാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി ജങ്ഷനിൽ പൈപ്പിടുന്നതിനെടുത്ത കിടങ്ങിനുചുറ്റും മതിയായ സുരക്ഷാക്രമീകരണങ്ങളുണ്ടായിരുന്നില്ല. രണ്ട് ഫൈബർ ബാരിക്കേഡും ഒരു ഓറഞ്ച് നാടയുംമാത്രംവെച്ച് തുറന്നിട്ടതാണ് അപകടക്കെണിയൊരുക്കിയത്.
കോട്ടൂളി-പനാത്തുതാഴം റോഡ് വഴി ചേവരമ്പലം ബൈപ്പാസ് ജങ്ഷൻ കടന്ന് പാറോപ്പടി ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് വലതുവശത്തുള്ള കിടങ്ങിലേക്കു വീണത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയിൽ മുഖം പാറയിൽ ഇടിച്ചതാണ് അപകടത്തിനു കാരണമായത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ദേശീയപാത എക്‌സിക്യുട്ടീവ് എൻജിനിയർ, കരാർകമ്പനി കെഎംസിയുടെ പ്രോജക്ട് മാനേജർ, കെഎംസി സേഫ്റ്റി ഓഫീസർ എന്നിവരെ പ്രതിചേർത്തായിരുന്നു കേസ്. ഗുരുതരവീഴ്ചയുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായപ്പോൾ നരഹത്യ ചുമത്തിയിരുന്നു.
Content Highlights: Tragic road accident in Vadakara as a local resident falls into an uncovered pit near a culvert construction, leading to death. Locals protest negligence.
Published: 30 Dec 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented