വടകര: ദേശീയപാതയില്‍ വടകര ചോറോടിനുസമീപം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം. ഹൈക്കോടതി നിര്‍ദേശപ്രകാരം വടകര മോട്ടോര്‍ ആക്‌സിഡന്റ്സ് ക്ലെയിം ട്രിബ്യൂണല്‍ അദാലത്ത് നടത്തിയാണ് നഷ്ടപരിഹാരം വിധിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

To advertise here,

1.15 കോടി രൂപയില്‍, കളക്ടറുടെ ഹിറ്റ് ആന്‍ഡ് റണ്‍ അക്കൗണ്ടില്‍നിന്ന് ആദ്യം നല്‍കിയ 50,000 രൂപ കിഴിച്ചുള്ള തുകയാണ് കൈമാറുക. 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ കമ്പനി റിലീസ് ചെയ്യും. ബാക്കി തുക ദൃഷാനയുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കും. കുട്ടിയുടെ ചികിത്സയ്ക്കുള്ള തുക കോടതിയുടെ മേല്‍നോട്ടത്തിലാണ് തുടര്‍ന്ന് കൈമാറുക. കണ്ണൂര്‍ മേലെചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും എന്‍.കെ. സ്മിതയുടെയും മകളാണ്.

വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍) യില്‍ ചികിത്സയിലാണ് ഇപ്പോള്‍ ദൃഷാന. അമ്മൂമ്മ ബേബിക്കൊപ്പം ചോറോടില്‍ റോഡ് മുറിച്ചുകടക്കവേ 2024 ഫെബ്രുവരി 17-നാണ് ഇരുവരെയും കാറിടിച്ചുവീഴ്ത്തിയത്. അമ്മൂമ്മ അപകടമുണ്ടായ ഉടനെ മരിച്ചു. ഭഗീരഥപ്രയത്‌നത്തിനൊടുവില്‍ ഡിസംബര്‍ അഞ്ചിനാണ് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കണ്ടെത്തിയത്.

താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും എന്‍ഡിഎപിഎസ് കോടതി ജഡ്ജിയുമായ വി.ജി. ബിജുവും വടകര എംഎസിടി കോടതിയുടെ ചുമതലയുള്ള കോഴിക്കോട് എംഎസിടി ജഡ്ജി കെ. രാജേഷും അദാലത്തിന് നേതൃത്വം നല്‍കി. ലീഗല്‍ സര്‍വീസ് അതോറിറ്റി പാനല്‍ അഭിഭാഷക വി.കെ. ഫൗസിയ കുടുംബത്തിനുവേണ്ട നിയമസഹായം നല്‍കി.

പരിക്കില്‍നിന്ന് മോചിതയാകാതെ ദൃഷാന, പ്രതീക്ഷയോടെ കുടുംബം

വടകര: കാറിടിച്ച് തലയ്‌ക്കേറ്റ ഗുരുതര പരിക്കില്‍നിന്ന് ദൃഷാന ഇനിയും മോചിതയായിട്ടില്ല. കോമ അവസ്ഥയില്‍നിന്ന് നേരിയ മാറ്റമേയുള്ളൂ. കണ്ണ് തുറക്കും, കൈയും കാലും ഇളക്കും. പക്ഷേ, സംസാരമൊന്നുമില്ല. ഒന്‍പതുമാസമായി വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ, രണ്ടുമാസം കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ഫീഡിങ് ട്യൂബ് വയറ്റിലേക്ക് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായിരുന്നു ഇത്. അമ്മയും മാമനും മാമിയുമാണ് ദൃഷാനയ്‌ക്കൊപ്പമുള്ളത്.

കാര്‍ കണ്ടെത്താനായത് നിര്‍ണായകം

2024 ഫെബ്രുവരി 17-ന് അപകടമുണ്ടായി ഒന്‍പതുമാസം പിന്നിട്ടശേഷം ഡിസംബര്‍ അഞ്ചിനാണ് അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താനായത്. അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്തോഫീസിനുസമീപം പുത്തലത്ത് ബേബി(62)യ്‌ക്കൊപ്പം ചോറോടില്‍ റോഡ് മുറിച്ചുകടക്കവേയാണ് ഇവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് കാര്‍ നിര്‍ത്താതെപോയി. അമ്മൂമ്മ ബേബി അപകടത്തെത്തുടര്‍ന്ന് മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ ചികിത്സയിലും.

ഇടിച്ച കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയും മനുഷ്യാവകാശകമ്മിഷനും ഇടപെട്ടു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമായി. 19,000 സ്വിഫ്റ്റ് കാറുകളുടെ വിവരം ശേഖരിച്ചും 200-ഓളം സിസിടിവി ദൃശ്യം പരിശോധിച്ചും വര്‍ക്ക്ഷോപ്പുകളിലും സ്‌പെയര്‍പാര്‍ട്സ് കടകളിലും അന്വേഷണം നടത്തിയും വടകര പോലീസ് ഒടുവില്‍ ഇടിച്ച കാര്‍ കണ്ടെത്തി.

പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലിന്റെതായിരുന്നു കാര്‍. പ്രവാസിയായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. കാര്‍ കണ്ടെത്തിയതോടെയാണ് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് 11 മാസംകൊണ്ട് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനായി. ദൃഷാനയുടെ അമ്മൂമ്മ മരിച്ചതിലും വാഹനാപകട നഷ്ടപരിഹാരക്കേസുണ്ട്.