മൂന്നാർ: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. വിവിധ ആവശ്യങ്ങൾക്കായി മൂന്നാർ എൻജിനിയറിങ് കോളേജിലെത്തിയ അരുൺകുമാർ, അതിനുശേഷമാണ് അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്.

To advertise here,

അഭിമന്യുവിന്റെ അമ്മയെയും സഹോദരിയെയും കണ്ട് ഏറെനേരം സംസാരിച്ചശേഷമാണ് മടങ്ങിയത്. സന്ദർശിക്കണമെന്ന് മനസ്സ് ഏറെനാൾ ആഗ്രഹിച്ച ഇടമായിരുന്നു അഭിമന്യുവിന്റെ വീടെന്ന്, അരുൺകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

‘ആ അമ്മയുടെ കണ്ണുകളിൽ ഒരു നീറ്റലായി ഇന്നും തന്റെ മകനുണ്ട്. എങ്കിലും, ആ മകൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾ ലക്ഷക്കണക്കിന് മനുഷ്യർ നെഞ്ചേറ്റുന്നു എന്ന തിരിച്ചറിവാകാം അവരുടെ കരുത്ത്.

പഠിക്കണമെന്നും, തന്റെ നാടിനെ വെളിച്ചത്തിലേക്ക് നയിക്കണമെന്നുമുള്ള അഭിമന്യുവിന്റെ ആഗ്രഹം ഒരു വലിയ വിപ്ലവമായിരുന്നു.

ആ സ്വപ്നങ്ങളെ പാതിവഴിയിൽ ഇല്ലാതാക്കിയവർക്ക് പക്ഷേ, അവന്റെ ഓർമ്മകളെ കൊന്നുകളയാനാകില്ല’ എന്നും അരുൺകുമാർ ഫെയ്‌സ്ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.