തിരുവനന്തപുരം: ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. വിധ്വംസകശക്തികൾ ആളിക്കത്തിക്കാൻ ശ്രമിച്ച സമരത്തീയിൽ ഇന്ത്യൻ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് ധർമേന്ദ്ര പ്രധാൻ ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്ന് വി. മുരളീധരൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

രാജ്യവിരുദ്ധശക്തികൾ ഇന്ത്യൻ യുവത്വത്തെ കീഴടക്കാതിരിക്കാൻ വിദ്യാഭ്യാസ മന്ത്രിപദവിയിൽനിന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാൻജിക്ക് അഭിവാദ്യങ്ങൾ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാടെടുക്കാൻ ഒരു യഥാർഥ രാജ്യസ്നേഹിക്കേ സാധിക്കൂ.

വിധ്വംസകശക്തികൾ ആളിക്കത്തിക്കാൻ ശ്രമിച്ച സമരത്തീയിൽ ഇന്ത്യൻ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞത്.

എ.ബി.വി.പി. പ്രവർത്തനകാലം മുതൽ ധർമേന്ദ്ര പ്രധാൻജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് ഞാൻ. പെട്രോളിയം മന്ത്രിയായിരിക്കെ 'ഉജ്ജ്വല യോജന' പോലുള്ള പദ്ധതിയിലൂടെ ദരിദ്രർക്കുവേണ്ടി നടത്തിയ ഇടപെടലുകൾ, ഊർജമേഖലയിൽ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികൾ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധർമേന്ദ്ര പ്രധാൻജിയുടെ സംഭാവനകൾ വളരെ വലുതാണ്. പ്രിയ സുഹൃത്ത്, ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തിൽ സജീവമായി ഇനിയും ഉണ്ടാകുകതന്നെ ചെയ്യും.

ഇവിടെ വിജയിച്ചത് നരേന്ദ്ര മോദിയും ധർമേന്ദ്ര പ്രധാനുമാണ്.