
കണ്ണൂർ: സംഘടിതമായ ധനാപഹരണമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ നടന്നതെന്ന് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കുനേരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ. തെറ്റുചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം ‘മാതൃഭൂമിയോട്’ പറഞ്ഞു. പാർട്ടി നടപടി പ്രതീക്ഷിക്കുന്നുണ്ട്. പുറത്താക്കിയാലും പോരാട്ടം തുടരും. മറ്റൊരു പാർട്ടിയിലേക്കും പോകില്ല-അദ്ദേഹം പറയുന്നു. കുഞ്ഞികൃഷ്ണനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:
ഇനി കാത്തുനിന്നിട്ട് കാര്യമില്ല
2021-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികപ്രശ്‌നങ്ങൾ 2026-ലെ തിരഞ്ഞെടുപ്പിനുശേഷം ഉന്നയിച്ചിട്ട് പ്രയോജനമില്ലെന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുൻപെങ്കിലും പറയണമെന്ന് തീരുമാനിച്ചത്. അഞ്ചുവർഷമായി പാർട്ടിക്കകത്ത് നിരന്തരമായി പ്രശ്‌നം ഉയർത്തുന്നുണ്ട്. ഇനി ജനങ്ങളോട് തുറന്നുപറയുകയല്ലാതെ മാർഗമില്ല.
രക്തസാക്ഷിഫണ്ട് അപഹരിച്ചു
രക്തസാക്ഷിഫണ്ട് വകമാറ്റുക മാത്രമല്ല, അപഹരിക്കുകയും ചെയ്തു. രക്തസാക്ഷിഫണ്ടും ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണഫണ്ടും അന്യോന്യം വകമാറ്റിയുള്ള കണക്കാണ് ഉത്തരവാദപ്പെട്ടവർ അവതരിപ്പിച്ചത്. കെട്ടിടനിർമാണ ഫണ്ടിലേക്ക് ധനരാജ് ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വകമാറ്റിയെന്നാണ് സൂചിപ്പിച്ചത്. കെട്ടിടനിർമാണത്തിന്റെ കണക്ക് അവതരിപ്പിച്ചപ്പോൾ പയ്യന്നൂരിലെ സഹകരണജീവനക്കാരിൽനിന്ന് ശേഖരിച്ച 70 ലക്ഷം കാണിച്ചിട്ടില്ല. പിന്നീട് 64 ലക്ഷത്തോളം രൂപയാണ് കണക്കിൽ ഉൾപ്പെടുത്തിയത്. രണ്ട് ബാങ്കിൽനിന്ന് പിരിച്ച പണം എന്നിട്ടും അക്കൗണ്ടിൽ വന്നില്ല. ധനരാജ് ഫണ്ടായി ഒരുകോടിയോളം രൂപ പിരിച്ചു. 2017-ൽ ഉദ്ഘാടനം ചെയ്ത ഏരിയാ കമ്മിറ്റി ഓഫീസിന്റെയും 2018-ൽ പൂർത്തീകരിച്ച ധനരാജിന്റെ വീടുമായും ബന്ധപ്പെട്ട കണക്കുകൾ 2021 അവസാനമാണ് അവതരിപ്പിച്ചത്.
നഷ്ടപ്പെട്ടത് 91 ലക്ഷം
ധനരാജ് ഫണ്ടും കെട്ടിടനിർമാണ ഫണ്ടും ചേർന്ന് 91 ലക്ഷംരൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടതിന് പുറമേ 40 ലക്ഷം വകമാറ്റിയതും ചേർത്താണിത്. 35 ലക്ഷം വകമാറ്റിയത് പിന്നീട് ജില്ലാ കമ്മിറ്റി പരിശോധിച്ചാണ് 40 ലക്ഷം ആക്കിയത്. വീട് നിർമാണം നടക്കുമ്പോൾ കെ.പി. മധുവാണ് ഏരിയാ സെക്രട്ടറി. കണക്കിൽ 34.25 ലക്ഷം ചെലവായെന്നാണ് രേഖപ്പെടുത്തിയത്. ഒറ്റനില ചെറിയ വീടിന്റെ കുറേ കാര്യങ്ങൾ ശ്രമദാനമായി സഖാക്കൾ ചെയ്തിട്ടുണ്ട്. 29.25 ലക്ഷത്തിന്റെ ചെക്ക് കോൺട്രാക്ടറുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. അഞ്ചുലക്ഷത്തിന്റേത് പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി സെക്രട്ടറി പിൻവലിച്ചിട്ടുണ്ട്. അത് ഏരിയാകമ്മിറ്റിയുടെ കണക്കിലില്ല്ല. മറ്റൊരു രണ്ടുലക്ഷം രൂപയുടെ ചെലവ് കണക്കിലുണ്ട്. ഏതിനത്തിനുവേണ്ടിയെന്ന് ഓർമ്മയില്ലെന്നാണ് പറഞ്ഞത്. ഈ ചെക്ക് പരിശോധിച്ചപ്പോൾ ഏരിയാ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയാണ് പിൻവലിച്ചതെന്ന് ബോധ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ലക്ഷങ്ങൾ പിരിച്ചു
തിരഞ്ഞെടുപ്പ് ഫണ്ട് രസീത് മുഴുവൻ തിരിച്ച് കിട്ടിയിട്ടില്ല. അതുകൊണ്ട് എത്ര നഷ്ടപ്പെട്ടു എന്നുപറയാൻ കഴിയില്ല. റിയൽ എസ്റ്റേറ്റുകാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഫണ്ട് കൊടുത്ത ഒരാൾ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ് പണം കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. സ്വദേശത്തുനിന്നും വിദശത്തുനിന്നും ഫണ്ട് പിരിച്ചിട്ടുണ്ട്.
ആറ് രസീത് ബുക്കാണ് ഏരിയാ കമ്മിറ്റി അച്ചടിച്ചത്. ആദ്യ ഓഡിറ്റിന് രണ്ട് ബുക്കുകളാണ് ഹാജരാക്കിയത്. നാലെണ്ണം പിന്നീട് ഹാജരാക്കി. അപ്പോൾതന്നെ വ്യാജമാണെന്ന് മനസ്സിലായി. യഥാർഥത്തിലുള്ള ഒന്നും രണ്ടും രസീത് ബുക്ക് ഉപയോഗിച്ചത് സ്ഥാനാർഥി ടി.ഐ. മധുസൂദനനാണ്. അത് നഷ്ടപ്പെട്ടുപോയെന്നാണ് പറഞ്ഞത്. വ്യാജരസീത് അച്ചടിക്കുകയും 28 പേരിൽനിന്ന് പിരിച്ചത് 20 ആയി കണക്ക് കാണിക്കുകയും ചെയ്തു. വ്യാജമായി അടിച്ച ആറ് രസീത് ബുക്കുകൾ ഇതുവരെ വെളിച്ചംകണ്ടിട്ടില്ല. അതിൽ മുറിച്ച 18-ാം നമ്പർ രസീത് ഞാൻ കണ്ടിരുന്നു. ഒരുലക്ഷം രൂപയാണ് ചേർത്തത്. രണ്ടുലക്ഷംവരെ നൽകിയവരുണ്ട്.
ധനാപഹരണം നടന്നുവെന്ന് അംഗീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. നിരവധി വർഷത്തെ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊള്ളുന്നൊരു നേതാവിന്റെ പേരിൽ അച്ചടക്കനടപടി സ്വീകരിക്കുന്നത് ഗൗരവമായി ആലോചിച്ചശേഷമേ പാടുള്ളൂ എന്നാണ് പിണറായി വിജയൻ മറുപടി പറഞ്ഞത്. അതംഗീകരിച്ചാൽ ആർക്കുമെതിരേ നടപടിയെടുക്കാനാകില്ല.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയശേഷം എട്ടുമാസം പൂർണമായും വിട്ടുനിന്നിരുന്നു. സമ്മർദത്തിന് വഴങ്ങിയാണ് തിരിച്ചുവന്നത്. പിന്നീടാണ് ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ ചില വിഷയങ്ങൾ ഉന്നയിച്ചപ്പോൾ ശാസിച്ചു. അതിനുശേഷം എട്ടുമാസമായി കമ്മിറ്റികളിൽ പങ്കെടുക്കാറില്ല. സൈബർ ആക്രമണം നടക്കുന്നുണ്ട്.
തനിക്കെതിരായ പോസ്റ്ററുകളിൽ ഫണ്ട് വകമാറ്റിയതിനെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല. നേരിട്ട് ബോധ്യപ്പെട്ട കാര്യത്തിൽ കള്ളം പറയുന്ന, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിനേതൃത്വത്തിന്റേത്. അതുൾക്കൊള്ളാനാകില്ല.
Content Highlights: v kunhikrishnan allegations against cpm leaders
Published: 25 Jan 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented