
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരേ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരേ പാർട്ടിയിലും പുറത്തും പ്രതിഷേധം ശക്തം. എംഎൽഎ രക്തസാക്ഷി ഫണ്ട് അടക്കമുള്ള ഫണ്ടുകളിൽ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ വി. കുഞ്ഞികൃഷ്ണനെതിരേ പയ്യന്നൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതോടെ സിപിഎം നേതൃത്വത്തിനും ടി.ഐ മധുസൂദനൻ എംഎൽഎയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച കുഞ്ഞിക്കൃഷ്ണനെതിരേ പാർട്ടി നടപടിക്ക് സാധ്യതയേറി. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മുൻ ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാർട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എം.വി.ജയരാജൻ പറഞ്ഞു. അതേസമയം കണക്കുകൾ അതരിപ്പിക്കുന്നതിൽ ചില വീഴ്ചകൾ പറ്റിയിട്ടുണ്ടെന്നും അതിൽ അന്വേഷണം നടത്തി നടപടികൾ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ നടപടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളികളയുന്നു. ആരോപണങ്ങൾ പാർട്ടി മുമ്പ് അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ ബഹുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ച് എതിരാളികൾക്ക് കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും രാഗേഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം നടക്കുക. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയതിന്, ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി. കുഞ്ഞികൃഷ്ണനെതിരേ കടുത്ത അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് സൂചന.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായും പാർട്ടിക്കുള്ളിൽനിന്ന് വർഷങ്ങളായി നടത്തിയ തിരുത്തൽ ശ്രമം വിജയിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ കാര്യങ്ങൾ അറിയിക്കാൻ തയ്യാറായതെന്നാണ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്. 2022-ൽ ഏരിയാ സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹം ഈയാരോപണങ്ങൾ പാർട്ടിയിൽ ഉന്നയിച്ചിരുന്നു. കമ്മിഷൻ അന്വേഷിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. മാസങ്ങൾക്കുശേഷം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി.
2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്ന് കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു. ഓഫീസ് നിർമാണഫണ്ടിൽ സഹകരണ ജീവനക്കാർ ഒരു മാസത്തെ വേതനം നൽകിയിരുന്നു. 70 ലക്ഷം രൂപവരും അത്. അത് വരവിലില്ല. അത് ഉൾപ്പെടുത്താതെയാണ് പാർട്ടി ഓഫീസ് കെട്ടിടംപണി കടത്തിലായെന്ന് പറഞ്ഞ് ധനരാജ് ഫണ്ടിൽനിന്ന് 35 ലക്ഷം കടം വാങ്ങിയതെന്ന് ആദ്യം പറഞ്ഞത്. പിന്നെയത് ജില്ലാ കമ്മിറ്റി 40 ലക്ഷമാക്കി. 70 ലക്ഷം വരവിൽ ഉൾപ്പെടുത്തിയാൽ 35 ലക്ഷം ബാക്കിയാണ് ഉണ്ടാവുക. ധനരാജ് ഫണ്ട്, കെട്ടിട നിർമാണം എന്നിവയുടെ കാലത്ത് ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനാണ്.
Content Highlights: Payyanur MLA T.I. Madhusoodanan faces fund allegations. CPM Kannur expels V. Kunhikrishnan, citing party anti-elements. Read the full story.
Published: 24 Jan 2026, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented