
ജവാദ് അഹമ്മദ് സിദ്ദിഖി, അൽ ഫലാഹ് സർവകലാശാല | Photo: X
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യാജ അംഗീകാരം കാണിച്ച് സ്ഥാപനങ്ങൾ വൻ ലാഭം നേടിയതായി ഇഡി കോടതിയിൽ ആരോപിച്ചു.
ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ അൽ ഫലാഹ് സ്ഥാപകനും ചെയർമാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ ചൊവ്വാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇയാളെ ഡിസംബർ ഒന്ന് വരെ 13 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. പിഎംഎൽഎ (PMLA) പ്രകാരം നടത്തിയ അന്വേഷണത്തിൽ, സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും ഒരൊറ്റ പെർമനന്റ് അക്കൗണ്ട് നമ്പറിന് (പാൻ) കീഴിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത് സാമ്പത്തിക നിയന്ത്രണം ഒരൊറ്റ ട്രസ്റ്റിന് കീഴിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
2014-15 മുതലുള്ള സ്ഥാപനത്തിന്ർറ ആദായനികുതി പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. 2014-15 ലും 2015-16 ലും 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19 മുതൽ വരുമാനത്തിൽ കുത്തനെ വർധനയുണ്ടായി. 2018-19 ൽ 24.21 കോടി രൂപയിൽ നിന്ന് 2024-25 ൽ 80.01 കോടി രൂപയായി വരുമാനം ഉയർന്നു. ഏഴ് വർഷത്തിനുള്ളിൽ ഉയർന്നത് 415 കോടി രൂപയായിരുന്നു.
വിദ്യാർഥികളെയും രക്ഷിതാക്കളെയും തെറ്റിധരിപ്പിക്കാനായി അൽ-ഫലാഹ് സർവകലാശാല നാക് അക്രെഡിറ്റേഷനുണ്ടെന്ന് അവകാശപ്പെടുകയും യുജിസി നിയമത്തിലെ സെക്ഷൻ 12 (ബി) പ്രകാരം അംഗീകാരമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. സർവകലാശാല ഒരു സംസ്ഥാന സ്വകാര്യ സർവകലാശാല എന്ന നിലയിൽ സെക്ഷൻ 2 (എഫ്) പ്രകാരമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളതെന്നും 12 (ബി) പ്രകാരമുള്ള ഗ്രാന്റുകൾക്ക് ഒരിക്കലും അർഹത നേടിയിട്ടില്ലെന്നും പിന്നീട് യുജിസി വ്യക്തമാക്കിയിരുന്നു.
അംഗീകാരമില്ലാതെ പ്രവർത്തിച്ചപ്പോഴും വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസും സർവകലാശാല പിരിച്ചെടുത്തിരുന്നു. വ്യാജ അംഗീകാരം ഉപയോഗിച്ച് വിദ്യാർഥികളെ പ്രവേശിപ്പിച്ചതും വ്യാജ രേഖകൾ ഉണ്ടാക്കിയതിനുമാണ് സർവകലാശാലയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പിഎംഎൽഎ അന്വേഷണത്തിനിടെ, സർവകലാശാല പൊതുജനങ്ങളെ വഞ്ചിച്ചുവെന്നും വിദ്യാർത്ഥിളിൽനിന്നുള്ള ഫീസ് വ്യക്തിപരവും സ്വകാര്യവുമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും കാണിക്കുന്ന വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഇഡി സ്ഥിരീകരിച്ചു.
നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് അൽ ഫലാഹ് സ്ഥാപനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ ഇഡി കണ്ടെത്തിയത്. സ്ഫോടനത്തിന്റെ മുഖ്യ കണ്ണിയായ ഡോ. ഉമർ മുഹമ്മദ്, കൂട്ടാളികളായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാത്തർ എന്നിവർ അൽ ഫലാഹ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്നു. ഉമർ മുഹമ്മദ്, സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിനായി സർവകലാശാല ലാബിൽ നിന്ന് രാസവസ്തുക്കൾ കടത്തിയതായും ആരോപമുയർന്നിരുന്നു.
Content Highlights: Enforcement Directorate uncovers widespread financial fraud at Al-Falah Charitable Trust in Faridabad linked to Delhi blast probe.
Published: 19 Nov 2025, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented