കോട്ടയം: സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌ക്കാരമായ കോപ് ഡേ പുരസ്‌ക്കാരം 2024 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സമ്മാനിച്ചു. കോട്ടയത്ത് അന്താരാഷ്ട്ര സഹകരണദിനാഘോഷത്തില്‍ സഹകരണമന്ത്രി വി. എന്‍. വാസവനില്‍നിന്ന് സൊസൈറ്റിയുടെ ജനറല്‍ മാനേജര്‍ (അഡ്മിന്‍) കെ.പി. ഷാബുവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) കെ.പി. ജിനീഷും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നാലു നോമിനേഷനുകളില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തത്.

To advertise here,

ആഘോഷം ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡു സമ്മാനിക്കുകയും ചെയ്ത മന്ത്രി, ഏഷ്യ-പസഫിക് സഹകരണമന്ത്രിമാരുടെ ഉച്ചകോടിയിലേക്കു ക്ഷണിക്കപ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും യൂണിയന്‍ സഹകരണമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കേരളത്തിന് അവസരം ഉണ്ടായി എന്നും അറിയിച്ചു. മുപ്പതു രാജ്യങ്ങളുടെ ആ സമ്മേളനത്തില്‍ മറ്റു രാജ്യങ്ങളുടെ നേട്ടങ്ങളൊക്കെ കേരളത്തിനു താഴെ ആയിരുന്നു. ഉച്ചകോടിയില്‍ മാതൃകകളായി ഉയര്‍ത്തിക്കാട്ടിയത് ഊരാളുങ്കല്‍ സൊസൈറ്റിയെയും കേരള ബാങ്കിനെയും ആണ്. വ്യവസായ-ഉപഭോക്തൃസേവനമേഖലയില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനമായി വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോനിട്ടര്‍ തെരഞ്ഞെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയെയാണെന്നും അവര്‍ക്ക് 18,000 വിദഗ്ദ്ധതൊഴിലാളികളും രണ്ടായിരത്തോളം എന്‍ജിനീയര്‍മാരും 5000 കോടിരൂപയുടെ നടപ്പുപദ്ധതികളും ഉണ്ടെന്നും അവതരിപ്പിച്ചപ്പോള്‍ സദസിലെ പലരും വിസ്മയിച്ചതും സൊസൈറ്റിയുടെകുടീ വിവരങ്ങള്‍ അടങ്ങുന്ന ലഘുപുസ്തകം വാങ്ങാന്‍ പ്രതിനിധികള്‍ താത്പര്യം കാട്ടിയതും അദ്ദേഹം അനുസ്മരിച്ചു.