
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡൽഹിയിലേക്കുള്ള പാത എക്കാലവും ഉത്തർപ്രദേശ് വഴിക്കായിരുന്നു. ഇനിയും അതങ്ങനെ തുടരും. കാരണം, ഇരുപത്തിനാലു കോടിയിലധികം ജനങ്ങളും 80 ലോക്‌സഭാ സീറ്റുകളും 403 നിയമസഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനത്ത് മേധാവിത്വം നേടുന്ന പാർട്ടിക്ക് കേന്ദ്രഭരണം കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ദേശീയപാർട്ടികൾ ആരംഭിച്ചുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കുതിപ്പിന് ഏറ്റവുമധികം കരുത്തുപകർന്ന സംസ്ഥാനം തിരഞ്ഞടുപ്പിലേക്ക് നടക്കുമ്പോൾ അകത്തും പുറത്തുമുള്ള നിരവധി പ്രശ്‌നങ്ങൾ ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് നാലിലധികം വിദ്യാർത്ഥികളാണ് ഉത്തർപ്രദേശിൽ ജീവനൊടുക്കിയത്. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവന കൈകാര്യം ചെയ്തതിലെ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതാണ് മറ്റൊരു വലിയ പ്രശ്‌നം. അയൽസംസ്ഥാനമായ മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബത്തിന്റെയും റിയൽഎസ്‌റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച അഴിമതി ആരോപണവും നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നുറപ്പ്.
ഉരുക്കുകോട്ടയായി കരുതിയിരുന്ന സംസ്ഥാനത്ത് ബിജെപി പ്രതിരോധത്തിലാവുന്നതിന് പാർട്ടിക്കകത്തുമുണ്ട് കാരണങ്ങൾ. സംസ്ഥാനത്ത് ഏറ്റവും ജനസ്വാധീനമുള്ള പ്രാദേശികനേതാവായ യോഗി ആദിത്യനാഥിനെതിരായ നീക്കങ്ങൾ ചില കോണുകളിൽ നിന്നുയരുന്നതായി ആരോപണമുണ്ട്. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യോഗിയെ അവഗണിച്ച് സ്ഥാനാർത്ഥിനിർണയം നടത്തിയതാണ് തിരിച്ചടി വിളിച്ചുവരുത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നാംതവണയും മുഖ്യമന്ത്രിയാകാൻ യോഗി കച്ചകെട്ടുമ്പോൾ ഭരണവിരുദ്ധവികാരത്തെ മാത്രമല്ല ഭയക്കേണ്ടത്. പ്രതിപക്ഷത്ത് പ്രതീക്ഷ പടരുന്നതും അതുകൊണ്ടാണ്.
പത്തുവർഷം കൊണ്ട് ബിജെപിയും മുഖ്യമന്ത്രി യോഗിയും ചേർന്ന് സൃഷ്ടിച്ച'ജാതിക്കതീതമായ' ഹിന്ദുത്വം സംസ്ഥാനത്തെ സങ്കീർണമായ ജാതി, സമുദായ അടിയൊഴുക്കുകൾക്കു മുന്നിൽ പതറാമെന്ന് 2024-ലെ തിരഞ്ഞെടുപ്പ് തെളിയിച്ചു.
2014-ൽ നരേന്ദ്രമോദിയെ ഡൽഹിയിൽ പ്രധാനമന്ത്രിയായി വാഴിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് യുപിയാണ്. ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ 71 എണ്ണവും ബിജെപി നേടി. ആ വിജയത്തിന് കാരണമായത് അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു, അന്ന് യോഗി ചിത്രത്തിലില്ല. (2017-ലാണ് യോഗിയെ മുഖ്യമന്ത്രിയാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത് മോദിയായിരുന്നത്രെ.) 2019-ൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കൈകോർത്തെങ്കിലും 62 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി വിജയം ആവർത്തിച്ചു. എന്നാൽ 2024-ൽ സീറ്റുകൾ 33 ആയി ചുരുങ്ങി. ലോക്‌സഭയിൽ ബിജെപിക്കുണ്ടായിരുന്ന ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെടുന്നതിൽ ഈ തിരിച്ചടി നിർണായകമായി. ഈ പരാജയത്തിന് വഴിവെച്ച ഭൂരിഭാഗം കാരണങ്ങളും 2027ലെ പ്രചാരണത്തെ സ്വാധീനിച്ചേക്കാം.
യോഗി-ഷാ ഭിന്നതയും അയോധ്യയിലെ സംഭാവനക്കൊള്ളയും
2024-ൽ സ്ഥാനാർത്ഥി നിർണയത്തിൽ അമിത് ഷായുടെ ഓഫീസ് നേരിട്ട് തീരുമാനങ്ങൾ എടുത്തെന്നും യോഗി ആദിത്യനാഥിനെ മറികടന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 2024-ന് ശേഷം യു.പിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റംവന്നു. ഇപ്പോൾ സ്ഥാനാർത്ഥി നിർണയത്തിന്റെയും പാർട്ടി സംഘടനയുടെയും നിയന്ത്രണം യോഗിയുടെ കൈകളിലേക്ക് തിരിച്ചെത്തിയതായി സൂചനയുണ്ട്. എങ്കിലും ഭിന്നത പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
കേന്ദ്രമന്ത്രിയും ഏഴുതവണ എം.പിയുമായ പങ്കജ് ചൗധരിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഒറ്റദിവസംകൊണ്ട് പ്രഖ്യാപിക്കുകയും നിയമിക്കുകയും ചെയ്തത് യോഗിക്കുള്ള സന്ദേശമായി വായിക്കുന്നവരുണ്ട്. സംസ്ഥാന ഘടകത്തിന്മേൽ കേന്ദ്രത്തിനുള്ള പരമാധികാരം തുടരുമെന്ന സന്ദേശം. യോഗിയുടെ മറുപടി സൂക്ഷ്മവും അതിശക്തവുമായിരുന്നു. ചൗധരിയുടെ നിയമനത്തിന് തൊട്ടുപിന്നാലെ, വോട്ടർപട്ടിക പുതുക്കലിൽ ഏതാണ്ട് നാല് കോടിയോളം വോട്ടർമാരെ ഒഴിവാക്കിയെന്നും അവരിൽ ഭൂരിഭാഗവും ബി.ജെ.പി അനുകൂലികളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ പേരെടുത്ത് പറയാതെയുള്ള പരാമർശം ഷായ്ക്ക് നേരെയുള്ള പരോക്ഷമായ ആക്രമണമായാണ് വിലയിരുത്തപ്പെട്ടത്. വോട്ടർപട്ടികയിൽ വ്യാപകമായ അട്ടിമറി നടക്കുന്നുണ്ടെന്ന് പതിവായി ആരോപിക്കുന്ന എസ്പിയ്ക്കും കോൺഗ്രസിനും ശക്തിപകർന്നു ഈ വാക്കുകൾ.
യോഗി വളർന്നുവന്നത് ആർഎസ്എസിന്റെ ഘടനാപരമായ സംവിധാനത്തിലൂടെയല്ല. ഗോരഖ്‌നാഥ് മഠത്തിലൂടെ വളർന്ന്, ഹിന്ദു യുവവാഹിനിയിലൂടെ രാഷ്ട്രീയ അടിത്തറയുണ്ടാക്കിയ ആളാണ്. സംഘടനാപ്രവർത്തകരെക്കാൾ ശക്തമായി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന യോഗിയെ ആർഎസ്എസ് ഒരേസമയം ആരാധനയോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. ക്രമസമാധാന പാലനത്തിലെ മികവും വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുത്വ നിലപാടുകളുമൊക്കെ അദ്ദേഹത്തെ സംഘത്തിന്റെ പ്രിയങ്കരനാക്കുന്നു. ബിജെപിക്ക് സംഘത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന മട്ടിൽ അന്നത്തെ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പ്രസംഗിച്ചത് രാജ്യമാകെ പാർട്ടിയെ ബാധിച്ചിരുന്നു. യുപിയിൽ യോഗിയെ അവഗണിച്ചതും സംഘടനയ്ക്ക് ഇഷ്ടമായില്ല. അങ്ങനെ ആർഎസ്എസ് ഉഴപ്പിയതും 2024-ലെ തിരഞ്ഞെടുപ്പിലെ നിറംകെട്ട പ്രകടനത്തിന് കാരണമായെന്ന് കരുതപ്പെടുന്നു. 2027-ലും ഭിന്നത തുടർന്നാൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയാവും.
പന്ത്രണ്ടു വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടങ്ങളിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്രം. അതിന്റെ നിർമ്മാണത്തിന് ഭക്തജനങ്ങൾ നൽകിയ സംഭാവനകളിൽ തിരിമറി നടത്തിയെന്ന ആരോപണം പാർട്ടിയുടെ സൽപ്പേരിന് വലിയ തിരിച്ചടിയാണ്. ശ്രീരാമ ജൻമഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിൽ ബിജെപിക്കോ സർക്കാരിനോ നേരിട്ടു പങ്കില്ലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പവിത്രമായ പ്രതീകത്തിന്മേൽ അഴിമതിയാരോപണം വരുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നു. മുഖ്യമന്ത്രി യോഗി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അതിവേഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ട്രസ്റ്റിന്റെ മുതിർന്ന ഭാരവാഹികളടക്കം പതിനേഴുപേരെ പ്രതികളാക്കി എഫ്‌ഐആറിടുകയും ട്രസ്റ്റ് പുഃസംഘടിപ്പിക്കുകയും ചെയതിട്ടുണ്ട്. പക്ഷേ, വിവാദത്തെ തണുപ്പിക്കാൻ ഇതെല്ലാം തികയുമോ എന്ന് കണ്ടറിയണം.
മോദിയുടെ പിൻഗാമിയെന്ന അഭ്യൂഹവും ജയത്തിന്റെ അനിവാര്യതയും
മോദിക്ക് ശേഷം ആര് എന്ന ചോദ്യം ബിജെപിയിൽ മാത്രമല്ല, രാജ്യത്താകെ ചർച്ചാവിഷയമാണ്. ആ സ്ഥാനത്തേക്ക് ഏറ്റവുമധികം പറഞ്ഞുകേൾക്കുന്ന പേര് യോഗിയുടേതാണ്. 2027-ൽ വൻവിജയം നേടിയാൽ യോഗിയുടെ സാധ്യതകൾ ഗണ്യമായി വർധിക്കുമെന്നതിൽ സംശയം വേണ്ട. യു.പി തിരഞ്ഞെടുപ്പിന് ശേഷം മോദി മാറിനിൽക്കുമെന്നും യോഗി പിൻഗാമിയാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. 2029-ലും മോദി നയിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം ചർച്ചകൾ യുപി തിരഞ്ഞെടുപ്പിന് വലിയ ദേശീയ പ്രാധാന്യം നൽകുന്നു. വലിയ വിജയം നേടിയാൽ മോദിക്ക് ശേഷം ബിജെപിയുടെ അമരക്കാരനാകാനുള്ള യോഗിയുടെ അവകാശവാദം ശക്തമാകും. അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമാണ് യോഗിയ്‌ക്കൊപ്പം ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകൾ.
ഈ സാഹചര്യം ഒരുതരത്തിൽ യോഗിക്ക് അനുകൂലമാണ്. യോഗി തോറ്റാൽ ദേശീയരാഷ്ട്രീയംതന്നെ മാറിമറിയും. അത്തരം ഒരു വിജയം പ്രതിപക്ഷത്തിന് സമ്മാനിക്കാൻ പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ പ്രതിയോഗികൾ പോലും ആഗ്രഹിക്കുന്നില്ല. ബിഹാറിലും പശ്ചിമ ബംഗാളിലും അടുത്തിടെയുണ്ടായ വിജയങ്ങൾ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മമതാ ബാനർജിയുടെ ബംഗാളിൽ വിജയിക്കാൻ കഴിയുമെങ്കിൽ മികച്ച ഭരണനേട്ടവും പ്രതിച്ഛായയുമുള്ള മുഖ്യമന്ത്രിക്ക് കീഴിൽ യുപി നിലനിർത്താൻ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
അവഗണിക്കാനാത്ത ഭരണനേട്ടവുമായാണ് യോഗി ആദിത്യനാഥ് 2027-ലെ പ്രചാരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ക്രമസമാധാനനിലയിലെ പുരോഗതിയാണ് ഏറ്റവും വലിയ നേട്ടം. കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച യോഗി രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന വമ്പൻ ക്രിമിനൽ ശൃംഖലകളെ തകർത്തു, മാഫിയാരാജിന്റെയും അക്രമങ്ങളുടെയും നിഴലിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിച്ചു. അതിനായി യുപി പോലീസ് എൻകൗണ്ടറുകളും ബുൾഡോസറുകളും ഉപയോഗിച്ചു. ഇത്തരം വഴിവിട്ട മാർഗങ്ങളുടെ നൈതികതയെയും നിയമസാധുതയെയും കുറിച്ച് വിമർശകർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും പൊതുജനാഭിപ്രായം പൊതുവെ യോഗിക്ക് അനുകൂലമാണ്. അനധികൃത കൈയേറ്റങ്ങൾ ഇടിച്ചുതകർക്കുന്ന ബുൾഡോസർ അദ്ദേഹത്തിന്റെ പ്രതീകമായി. യുപി മോഡൽ പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ ആവർത്തിക്കപ്പെട്ടു.
അടിസ്ഥാനസൗകര്യ വികസനത്തിലും വലിയ പുരോഗതിയുണ്ടായി. എക്‌സ്പ്രസ് വേകൾ, വിമാനത്താവളങ്ങൾ, വ്യവസായ ഇടനാഴികൾ എന്നിവയിലൂടെ വമ്പൻ നിക്ഷേപങ്ങൾ ആകർഷിക്കാൻ യുപിക്കായി. കോടിക്കണക്കിന് തീർത്ഥാടകർ പങ്കെടുത്ത 2025-ലെ മഹാകുംഭമേള വൻ വിജയമാക്കാൻ കഴിഞ്ഞത് യോഗിയുടെ ഭരണസംവിധാനത്തിന്റെ മികവായി ഉയർത്തിക്കാട്ടപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ സാധാരണക്കാരിലേക്ക് കൃത്യമായി എത്തിക്കാനും അദ്ദേഹത്തിനായി. പാർട്ടി നേരിടുന്ന ഘടനാപരമായ വെല്ലുവിളികളെ മറികടക്കാൻ ഈ നേട്ടങ്ങൾ മാത്രം മതിയോ എന്നതാണ് ചോദ്യം.
അഖിലേഷ് യാദവും ഇന്ത്യാസഖ്യവും
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ യു.പിയിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു 2024-ൽ കണ്ടത്. പാർട്ടിയുടെ പിഡിഎ സൂത്രവാക്യം (പിഛ്ഡാ- പിന്നാക്ക വിഭാഗങ്ങൾ, ദളിത്, അല്പസംഖ്യക്- ന്യൂനപക്ഷങ്ങൾ) പരമ്പരാഗത യാദവ-മുസ്‌ലിം വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ഒരു വലിയ സഖ്യം രൂപീകരിക്കുന്നതിൽ വിജയമായി, 37 ലോക്‌സഭാ സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എങ്കിലും 2024-ലെ സാഹചര്യം മാറിയിരിക്കുന്നത് അഖിലേഷ് തിരിച്ചറിയുന്നുണ്ട്. ബിഹാറിലും ബംഗാളിലും ആഞ്ഞുവീശിയ ഹിന്ദുത്വക്കാറ്റ് യുപിയിൽ തിരിച്ചെത്താനുള്ള സാധ്യത അദ്ദേഹം കാണുന്നുണ്ടെന്ന് വ്യക്തമാണ്. നേരത്തേതന്നെ അതിനെ നിർവീര്യമാക്കാനുള്ള ശ്രമം അദ്ദേഹം തുടങ്ങി.
അഴിമതി ആരോപണം നേരിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ അദ്ദേഹം ന്യായീകരിച്ചത് ഉദാഹരണം. യാദവിനെ പുറത്താക്കാൻ ബിജെപിയിൽ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് ഈ അഴിമതി ആരോപണമെന്ന് അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും മുഖ്യമന്ത്രിമാരെ മാറ്റാൻ ബിജെപിക്ക് പരിപാടിയുണ്ടെന്നും അതിന്റെ തുടക്കമാണ് മധ്യപ്രദേശിലെന്നും അദ്ദേഹം ആരോപിച്ചു. യോഗിയെ ബിജെപി കേന്ദ്രനേതൃത്വം ഒതുക്കുകയാണെന്ന് പലതവണ അഖിലേഷ് ആരോപിച്ചിരുന്നു. എതിർപാർട്ടിക്കുള്ളിൽ വിഭാഗീയത വളർത്താനും പ്രവർത്തകരുടെ മനോവീര്യം കെടുത്താനും ഉദ്ദേശിച്ചുള്ള മനശാസ്ത്രപരമായ ഓപ്പറേഷൻ! ബിജെപിക്കുള്ളിൽ വിഭാഗീയത വളർത്താനും പ്രവർത്തകരെ തളർത്താനുമാണ് നീക്കമെന്ന് വ്യക്തം.
പക്ഷേ, എസ്പിക്കുള്ളിലെ ആഭ്യന്തരകലഹങ്ങളെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. അഖിലേഷും പിതാവ് മുലായം സിങ്ങും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ പോലെ കുടുംബവഴക്കുകളുടെ നിഴൽ ഒഴിയുന്നില്ല. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ, അമിത് ഷായ്ക്ക അഖിലേഷിന്റെ അമ്മാവൻ രാം ഗോപാൽ യാദവ് കത്തെഴുതിയെന്നും എസ്പി നെടുകെ പിളരുമെന്നും അവകാശവാദമുന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് ഠാക്കറെയുടെ ശിവസേന തുടങ്ങിയ പ്രാദേശിക പാർട്ടികൾക്കു സമാനമായ പിളർപ്പ് എസ്പി നേരിടേണ്ടിവരുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. എന്തായാലും തിരഞ്ഞെടുപ്പിനായി ഗൗരവമായ തയ്യാറെടുപ്പിലാണ് എസ്പി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമ്പത്തികസാമൂഹിക പ്രശ്‌നങ്ങൾക്കനുസൃതമായി 18 മുതൽ 20 വരെ പ്രാദേശിക പ്രകടനപത്രികകൾ ഇറക്കാനുള്ള നീക്കം യു.പി ഏകശിലാത്മകമല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ളതാണ്.
കേരളത്തിൽ തിരഞ്ഞടുപ്പു ജയിക്കുകയും തമിഴ്‌നാട്ടിൽ ജോസഫ് വിജയ് മന്ത്രിസഭയുടെ ഭാഗമാകുകയും ചെയ്ത കോൺഗ്രസിന് യുപിയിൽ കാര്യമായി പ്രതീക്ഷിക്കാനില്ല. യുപിയിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനം തകർന്നിട്ട് പതിറ്റാണ്ടുകളായി. സീറ്റ് വിഭജനത്തിൽ കോൺഗ്രസിനോട് ഉദാരത കാണിക്കാൻ എസ്പിക്ക് താൽപ്പര്യമില്ല. കോൺഗ്രസിന് നൽകുന്ന ഓരോ സീറ്റും തങ്ങളുടെ കരുത്ത് കളയാൻ മാത്രമേ ഉപകരിക്കൂ എന്ന് എസ്പി കരുതുന്നു. ദേശീയപാർട്ടി എന്ന നിലയിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത് എസ്പി വകവെക്കാനിടയില്ല. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത് രണ്ടുസീറ്റുകളിൽ മാത്രമാണ്. ദളിത് വോട്ടർമാരെ തിരിച്ചുപിടിക്കാൻ മായാവതി ശ്രമിക്കുന്നുണ്ടെങ്കിലും ബിഎസ്പി പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്.
നിലവിലെ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പുകാലത്തും പ്രസക്തമായിരിക്കുമെന്നതിന് യാതൊരുറപ്പുമില്ല. പക്ഷേ, 2027-ലെ യുപി തിരഞ്ഞെടുപ്പ് പതിവിലും വാശിയേറിയതായിരിക്കുമെന്നത് ഉറപ്പാണ്.
Content Highlights: The 2027 Uttar Pradesh Assembly Elections are critical for national political dominance., Internal friction between Yogi Adityanath and the central BJP leadership remains a major vulnerability., Key controversies include NEET paper leaks, Ayodhya temple trust corruption allegations, and law-and-order debates., The opposition, led by Akhilesh Yadav's SP, is utilizing new socio-political strategies to challenge BJP's Hindutva base., Yogi's governance model and infrastructure development are the primary counters to anti-incumbency.
Published: 25 Jun 2026, 07:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented