മുംബൈ: ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ ആകർഷകമായ പ്രഖ്യാപനങ്ങൾക്കൊപ്പം ഇത്തവണ അപൂർവമായ ചില റെക്കോഡുകളും ഒപ്പമെത്തും. ഒരു കേന്ദ്ര ധനമന്ത്രി തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത് ബജറ്റ് എന്നതാണ് ഇതിൽ ആദ്യത്തേത്. ഇന്ത്യയുടെ ഏതെങ്കിലുമൊരു ധനമന്ത്രി ഇത്രയും ബജറ്റ് തുടർച്ചയായി അവതരിപ്പിക്കുന്നത് ആദ്യം.

To advertise here,

അവതരിപ്പിക്കുന്ന ദിവസമാണ് രണ്ടാമത്തെ അപൂർവത. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. 1999-ൽ ബജറ്റ് ഞായറാഴ്ച അവതരിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ധനമന്ത്രാലയ വൃത്തങ്ങൾ തന്നെ ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 1999-ൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ ബജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി 27 ശനിയാഴ്ചയായിരുന്നു. 2017 മുതലാണ് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്.

സാധാരണ ബജറ്റ് ദിവസങ്ങളിൽ പ്രഖ്യാപനങ്ങൾക്കൊപ്പം അതിന്റെ അനുരണനങ്ങളുമായി ഓഹരിവിപണിയും സജീവമായിരിക്കും. ഇത്തവണ ഞായറാഴ്ച വിപണിക്ക് അവധി ദിവസമാണ്. എങ്കിലും ബജറ്റിനൊപ്പം ചലനങ്ങളുമായി ഇത്തവണയും വിപണി പ്രവർത്തിക്കുമെന്ന് ബി.എസ്.ഇ.യും എൻ.എസ്.ഇ.യും അറിയിച്ചിട്ടുണ്ട്. 2020, 2025 വർഷങ്ങളിൽ ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചപ്പോഴും ഓഹരിവിപണി പ്രവർത്തിച്ചിരുന്നു.

ബജറ്റ് തയ്യാറാക്കിയ സ്ഥലമാണ് മൂന്നാമത്തെ സവിശേഷത. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയ കർത്തവ്യഭവൻ പുതിയ കെട്ടിടത്തിലാണ്. പുതിയ സെൻട്രൽ വിസ്തയുടെ ഭാഗമായ കർത്തവ്യഭവനിൽ തയ്യാറാക്കുന്ന ആദ്യ ബജറ്റും ഇതുതന്നെ.

ഇതുവരെ റെയ്സിന ഹിൽസിലെ ധനമന്ത്രാലയ ആസ്ഥാനത്തിന്റെ ഭാഗമായ നോർത്ത് ബ്ലോക്കിലായിരുന്നു ബജറ്റ് തയ്യാറാക്കിയിരുന്നത്. ഇവിടെനിന്ന് 2.5 കിലോമീറ്ററാണ് കർത്തവ്യഭവനിലേക്കുള്ളത്.