കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളെപ്പോലെ, അപേക്ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എസ്. ശ്രീകുമാര്‍ ഉത്തരവിട്ടു. സ്ഥാപനങ്ങള്‍ വിവരാവകാശ ഓഫീസര്‍മാരെ അടിയന്തരമായി നിയമിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

To advertise here,

തിരുവനന്തപുരം അമരവിള സി.എസ്.ഐ. ടി.ടി.ഐ.യില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമായില്ലെന്ന് കാട്ടി വിദ്യാര്‍ഥിനിയായ ആന്‍സി സംസ്ഥാന വിവരാവകാശ കമ്മിഷന് നല്‍കിയ അപ്പീലാണ് ഉത്തരവ്. ടി.ടി.ഐ. സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്ത രജിസ്റ്ററിന്റെ പകര്‍പ്പ്, കോളേജ് അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ എന്നിവയാണ് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനി ആവശ്യപ്പെട്ട വിവരങ്ങള്‍ 15 ദിവസത്തിനകം നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു.

കോളേജ് അധികൃതരുടെ വാദം;

  • സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരല്ല

വിവരാവകാശ കമ്മിഷന്‍ പറഞ്ഞത്;

  • നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പിനു കീഴില്‍ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്
  • ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്, സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റാണ്
  • ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ അല്ലെങ്കിലും സൗജന്യനിരക്കിലുള്ള വൈദ്യുതിയും ണ്ടവെള്ളവുമാണ് സ്വാശ്രയസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്
  • ഈ സാഹചര്യത്തില്‍ സ്വാശ്രയസ്ഥാപനങ്ങളെ പൊതുസ്ഥാപനങ്ങളായി പരിഗണിക്കും