കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്.വൈ.എസ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ജോയിന്റ് സെക്രട്ടറി പദവിയില്‍ ഇരിക്കുന്ന അദ്ദേഹം ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സദസ്സിന്റെ കൈയ്യടിക്കുവേണ്ടി പ്രസംഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

സമസ്തയുടെ ജോയിന്റ് സെക്രട്ടറിയാണ് ഉമര്‍ ഫൈസി മുക്കം. അദ്ദേഹം ജനറല്‍ സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്ന പരാതി ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നുണ്ട്. വിമര്‍ശനം ശരിയല്ല. തിരുത്തലിന് തയ്യാറാകണം. ഐക്യത്തിന് കത്തിവെയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗഹാര്‍ദം നിലനിര്‍ത്താനും സമൂഹത്തെ യോജിപ്പിക്കാനും കഴിയുന്ന കുടുംബമാണ് പാണക്കാട് കുടുംബം. അതുകൊണ്ടായിരിക്കാം രാഷ്ട്രീയമായി യോജിപ്പില്ലാത്ത ആളുകള്‍ പോലും സാദിഖലി തങ്ങളെ ഖാസിയാക്കുന്നത്. അദ്ദേഹം ആ സ്ഥാനം ചോദിച്ചു വാങ്ങുന്നതല്ല. അഭ്യര്‍ഥിക്കുമ്പോള്‍ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്. ഉമര്‍ ഫൈസിയുടെ പ്രയോഗം തെറ്റാണ്. ജോയിന്റ് സെക്രട്ടറി പദവിയില്‍ ഇരിക്കുന്ന അദ്ദേഹം അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. സദസ്സിലെ ആളുകളുടെ തക്ബീര്‍ വിളിയോ കൈയടിയോ നോക്കി പ്രസംഗിക്കാന്‍ പാടില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

യോഗ്യതയില്ലാത്ത പലരും രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകുന്നുവെന്നായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം. സമസ്തയെ വെല്ലുവിളിക്കരുതെന്നും കൈവശം ചില ആയുധങ്ങളുണ്ടെന്നും അതിരുവിടരുതെന്നും ഉമര്‍ ഫൈസി മുന്നറിയിപ്പ് നല്‍കിയിരുന്നു.