കൊച്ചി: ഉമ തോമസ് എം എൽ എ സ്റ്റേജിൽ നിന്ന്  വീണ് പരിക്കേറ്റ സംഭവത്തിൽ 'മൃദംഗനാഥം' പരിപാടി സംഘാടകർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ജി.സി.ഡി.എ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി). കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോൾ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

"സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിക്കായി നിർമിച്ച സ്റ്റേജിന് സ്റ്റേബിൾ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവർ ചെയ്യണമെന്ന് കരാറിൽ ഒപ്പ് വെച്ചിരുന്നു. എന്നാൽ അവർ അത്  പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാൽ വീഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും" കെ. ചന്ദ്രൻ പിള്ള പറഞ്ഞു. 

വി.ഐ.പി ഗ്യാലറിയിൽ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നൽകിയത്. സ്റ്റേജ് നിർമിക്കാൻ അനുമതി നൽകിയിരുന്നില്ല. ഫുട്ബോൾ ടർഫിനു പരിക്ക് വരാതെ നോക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ടർഫിനു പുറത്ത് ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. എന്നാൽ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ജി.സി.ഡി.എ എഞ്ചിനീയറിംഗ് വിഭാഗം സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നുണ്ട്.