കൊച്ചി: കലൂര്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ മൃദംഗനാദം ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് 
ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. 

To advertise here,

കലൂര്‍ സ്‌റ്റേഡിയത്തില്‍ താത്ക്കാലിക നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ സംഘാടകര്‍ ലംഘിച്ചതായും സിമന്റ് കട്ടകള്‍ ഉപയോഗിച്ചാണ് സ്‌റ്റേജ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അശാസ്ത്രീയമായിട്ടാണ് താല്‍ക്കാലിക സ്‌റ്റേജ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പി.ഡബ്ല്യുഡി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സ്‌റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. 

താല്‍ക്കാലിക സ്‌റ്റേജിന് കുലുക്കമുണ്ടായിരുന്നതായും സ്‌റ്റേജില്‍ നടന്നുപോകാന്‍ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സ്‌റ്റേജില്‍ നിന്നും താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ അത് അവഗണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. . 

അതേസമയം പരിപാടിയുടെ നടത്തിപ്പിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ഡി.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 62000 രൂപ സംഘാടകര്‍ അടച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതിനിടെ നൃത്തപരിപാടി ഏകോപിപ്പിച്ച മൃദംഗവിഷന്‍ എം.ഡി നിഗോഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ജനുവരി ഏഴുവരെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിചേര്‍ത്ത മൂന്നു പ്രതികളുടെ ജാമ്യവും 7 വരെ നീട്ടി. 

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിലേക്ക്‌ തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.