കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച റഷ്യൻ കമ്പനിയെ സ്പോൺസർ വഞ്ചിച്ചതായി പരാതി. സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച ലൈറ്റിങ് ടെക്നോളജീസ് എന്ന കമ്പനിക്ക് കരാർപ്രകാരം നൽകാനുള്ള 3.68 കോടി രൂപ നൽകാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കബളിപ്പിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. പണം ലഭിക്കാത്തതിനെ തുടർന്ന് കമ്പനി ഇപ്പോൾ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവാക്കിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ആറ് കോടിയിലധികം രൂപയുടെ കൊട്ടേഷനാണ് ആദ്യം നൽകിയിരുന്നതെങ്കിലും ചർച്ചകൾക്കൊടുവിൽ തുക കുറച്ചിരുന്നു. ഇതിൽ 1.4 കോടി രൂപ മാത്രമാണ് കമ്പനിക്ക് മുൻകൂറായി ലഭിച്ചത്.
ഐ.എസ്.എൽ മത്സരങ്ങൾക്കായി പണി വേഗത്തിൽ പൂർത്തിയാക്കണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടതനുസരിച്ച് ലൈറ്റിങ് ടെക്നോളജീസ് കൃത്യസമയത്തുതന്നെ ജോലി പൂർത്തിയാക്കിയിരുന്നു. എന്നാൽ, പണി കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും ബാക്കി തുക നൽകാൻ സ്പോൺസർ തയ്യാറായിട്ടില്ലെന്നാണ് പരാതി.
പണം കിട്ടാതായതോടെ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി.സി.ഡി.എ. വിഷയത്തിൽ ഇടപെടണമെന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജി.സി.ഡി.എ ചെയർമാനും സെക്രട്ടറിക്കും കമ്പനി നൽകിയ കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജൂൺ 16-ന് സെക്രട്ടറിക്കും പിന്നീട് ജൂലൈയിൽ ചെയർമാനുമാണ് കമ്പനി കത്തയച്ചത്. എന്നാൽ, ഈ കരാറിൽ തങ്ങൾ കക്ഷിയല്ലെന്നും അതിനാൽ പണം നൽകാനുള്ള ബാധ്യത ഏറ്റെടുക്കാനാവില്ലെന്നുമാണ് ജി.സി.ഡി.എയുടെ നിലപാട്.
പണം നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും സ്പോൺസർ തയ്യാറാകാത്ത സാഹചര്യത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലൈറ്റിങ് ടെക്നോളജീസ് വക്കീൽ നോട്ടീസ് അയച്ചു.
Published: 14 Aug 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented